പുറത്തു മഴ പെയ്തുകൊണ്ടേയിരിക്കുന്നു.
രാത്രിമഴയുടെ ശുദ്ധസംഗീതവും കേട്ട് പൂമുഖത്തെ
ജനലഴികളില്‍ പിടിച്ചു കൊണ്ട് കൂരിരുട്ടിലേക്ക്
നോക്കിയവന്‍ നിന്നു.
മുന്‍പ് രാത്രിമഴ അവന്‍റെ സ്വപ്നങ്ങളില്‍
മഴവില്ലിന്‍റെ മനോഹാരിത നല്‍കിയിരുന്നു.
അവന്‍റെ മനസ്സില്‍ പ്രതീക്ഷയുടെയും,
സന്തോഷത്തിന്‍റെയും കുളിര്‍മ്മ നിറച്ചുകൊണ്ടാണവള്‍
ഓരോ രാത്രിയിലും പെയ്തൊഴിഞ്ഞിരുന്നത്.
ഇന്ന് ഓരോ രാത്രിമഴയും അവന്‍റെ ഓര്‍മ്മകളെ
ചുട്ടുപോള്ളിച്ചുകൊണ്ടാണ് കടന്നു പോകുന്നത്.
പെയ്തൊഴിഞ്ഞ ഒരു മഴകാലത്തിന്‍റെ
നഷ്ടസുഗന്ധവും പേറികൊണ്ട്, പ്രണയാര്‍ദ്രമായ
ആ നല്ല നാളുകളുടെ ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍
മായാതെ നില്‍ക്കുന്നതും അതുകൊണ്ട് തന്നെയാവാം.
ഓര്‍മ്മകള്‍ വീണ്ടും മാറാലകളെ പോലെ
മനസ്സില്‍ പടരുകയാണ്! ഒരിക്കല്‍ തന്‍റെ
പ്രണയിനിയോടവന്‍ പറഞ്ഞു. കളങ്കമില്ലാത്ത
പ്രണയത്തിന്‍റെ നിറം നീലയായിരിക്കും….!!
അവള്‍ ചോദ്യഭാവത്തില്‍ അവനെ നോക്കി.
“തിരയടിക്കുന്ന മഹാസമുദ്രത്തിന്‍റെ നിറവും,
സീമയില്ലാത്ത ആകാശത്തിന്‍റെ നിറവും നീലയാണ്!!!
എന്‍റെയും നിന്‍റെയും ഇഷ്ടനിറവും നീലയാണ്.
അവസാനമില്ലാതെന്തിനും നിറം നീലയല്ലേ.....??
അപ്പോള്‍ പിന്നെ പ്രണയത്തിന്‍റെ നിറവും നീലയാവില്ലേ??”
മനസ്സില്‍ എപ്പോഴും കുളിര്‍മ്മ നിറയ്ക്കുന്ന നനുത്ത
ചോദ്യങ്ങള്‍ അവള്‍ക്കിഷ്ടമായിരുന്നു. ആ ഇഷ്ടമായിരുന്നു
എന്‍റെ സ്വപ്നവും പ്രതീക്ഷയും.
ആരുമില്ലാത്ത നേരത്ത് അവളുടെ ചെവി എന്‍റെ ചുണ്ടോടു
ചേര്‍ത്തു ഞാന്‍ ചോദിക്കും. എന്‍റെ മനസ്സിന്‍റെ
ഊഷരഭൂമിയില്‍ നിന്‍റെ പ്രണയത്തിന്‍ മഴതുള്ളികളേറ്റ്
എന്നിലെ സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയുടെ ചിറകു
മുളച്ചതെന്നായിരുന്നു…..?
പിന്നെ ഇലകൊഴിയും ശിശിരങ്ങളില്‍ പോലും നമ്മുടെ
പ്രണയത്തില്‍ വസന്തത്തിന്‍റെ മനോഹാരിതയും സുഗന്ധവും
മായാതെ നില്‍ക്കുന്നതെന്തിനായിരുന്നു……?
ഇപ്പോള്‍ ഈ ചുട്ടുപൊള്ളുന്ന മീനമാസത്തിലും നമ്മുടെ
മനസ്സുകള്‍ തുലാവര്‍ഷത്തില്‍ നനഞ്ഞു കുതിര്‍ന്ന
ഭൂമിയെപോലെ തണുത്തുറയുന്നതെന്തിനായിരിക്കും?
ഒന്നും പറയാതെ കണ്ണുകളില്‍ നോക്കിയിരിക്കുന്ന
അവളുടെ അധരങ്ങളില്‍ വിരിയുന്ന നനുത്ത
പുഞ്ചിരിയില്‍ കാര്‍മേഘങ്ങളില്ലാത്ത ആകാശത്തില്‍
മിന്നിതിളങ്ങുന്ന നക്ഷത്രങ്ങളായിരുന്നു ഞാന്‍ കണ്ടത്.
നിഷ്കളങ്കമായ ഹൃദയത്തില്‍ നിന്നും ഉറവയെടുക്കുന്ന
ആ നനുത്ത പുഞ്ചിരിയെയാണല്ലോ ഞാന്‍ ആദ്യം
പ്രണയിച്ചതും.
അവള്‍ അങ്ങിനെയായിരുന്നു ഒന്നും തുറന്നു പറയാറില്ല.
മനസ്സില്‍നിന്നുതിരുന്ന പ്രണയഭാവങ്ങള്‍ മൌനത്തിന്‍റെ
ചെറുപുഞ്ചിരിയിലൊതുക്കി നില്‍ക്കും.
അവള്‍ രാത്രിമഴയുടെ മധുരസംഗീതം പോലെയായിരുന്നു.
മൃദുവായി പൊഴിഞ്ഞു കൊണ്ടേയിരിക്കും
കാതിനും മനസ്സിനും കുളിര്‍മ്മ നിറച്ചുകൊണ്ട്!
എന്നാല്‍ ഞാന്‍ തുലാവര്‍ഷത്തിലെ പേമാരിയായിരുന്നു.
എല്ലാ ഭാവങ്ങളും അതെ തീവ്രതയില്‍ പകരാനാണ്
ഞാന്‍ കൊതിച്ചിരുന്നത്.
നനുത്ത കൈവിരലാല്‍ നീയെന്‍റെ മുടിയിഴകളെ
മാടിയൊതുക്കുമ്പോള്‍ നിന്‍റെ സ്നേഹം മുഴുവന്‍
മുടിയിഴകളിലൂടെ എന്‍റെ ഹൃദയത്തെ തൊട്ടുണര്‍ത്തുന്നതും,
അസ്തമയസൂര്യന്‍ നീലിമയാര്‍ന്ന സാഗരത്തില്‍ അലിഞ്ഞു
ചേരുമ്പോള്‍ നിന്‍റെ കണ്ണില്‍ തെളിയുന്ന വ്യാകുലത
എന്‍റെ ഹൃദയത്തില്‍ തീയായി പടരുന്നതും,
എല്ലാം ഇന്നലെയെന്നതു പോലെ മനസ്സില്‍ തെളിയുന്നു.
എന്നിട്ടും ഒരു വാക്കു പോലും പറയാതെ എല്ലാം
ഉള്ളിലൊതുക്കി നീ വിട പറയുമായിരുന്നു.
നിന്‍റെ മിഴികളിലപ്പോഴും വിരഹത്തിന്‍റെ നേര്‍ത്ത
അശ്രുകണങ്ങള്‍ തുളുമ്പാന്‍ കൊതിക്കുന്നത് ഞാനറിഞ്ഞിട്ടും,
അറിയില്ലെന്ന് നടിച്ചതും നിനക്കറിയാമായിരുന്നു!!!
എത്രയോ തവണ ആ മിഴികളില്‍ വിരിയുന്ന ഭാവങ്ങള്‍
നിന്‍റെ നാവിന്‍തുമ്പില്‍ നിന്നും കേള്‍ക്കാന്‍
ഞാന്‍ കൊതിച്ചിരുന്നു. എന്നിട്ടും ഒന്നും പറയാതെ എല്ലാം
ഉള്ളിലൊതുക്കി നീ നടന്നു.
ഒടുവിലൊരു നാള്‍ വിടപറയാന്‍ നേരം
എന്‍റെ കൈ പിടിച്ചു നെഞ്ചോടമര്‍ത്തികൊണ്ട്,
മാഞ്ഞു പോകുന്ന അസ്തമയസൂര്യനെ സാക്ഷിയാക്കി
നീ പറഞ്ഞു.
"നീയെന്‍റെ സ്വപ്നമാണ്,
നീയില്ലെങ്കില്‍ പിന്നെ ഈ ഞാനില്ല,
നിന്നെ പിരിയുകയെന്നാല്‍ അതെന്‍റെ മൃതിയാണ്”
ഒറ്റശ്വാസത്തിലായിരുന്നു നീയത് പറഞ്ഞു തീര്‍ത്തത്.
ഒളിച്ചു വെച്ച സ്നേഹത്തിന്‍റെ എല്ലാ ഭാവങ്ങളും
അവളില്‍ നിന്നുതിര്‍ന്ന വാക്കുകളിലുണ്ടായിരുന്നു.
ആദ്യമായി അവളിലെ പ്രണയത്തിന്‍റെ തീവ്രത
ഞാന്‍ അനുഭവിച്ചതും അന്നായിരുന്നു. അത്രയും നാള്‍
പ്രണയാര്‍ദ്രമായ ഒരു വാക്ക് അവളുടെ നാവിന്‍തുമ്പില്‍
നിന്നും കേള്‍ക്കാന്‍ ഞാന്‍ എത്രയോ കൊതിച്ചിരുന്നു.
മെല്ലെ അവളുടെ മിഴിയില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന
കണ്ണീര്‍തുള്ളികള്‍ കൈവിരലാല്‍ തുടച്ചുകൊണ്ട്
ഞാന്‍ പറഞ്ഞു.
“നമുക്കിടയില്‍ നീയും ഞാനുമില്ലല്ലോ,
നമ്മള്‍ മാത്രമല്ലേയുള്ളൂ. നിന്‍റെ മൃതിയും
എന്‍റെ മൃതിയും അങ്ങിനെയൊന്നുണ്ടോ??
അതും നമ്മുടെ മൃതിയല്ലേ………??
മരണത്തില്‍ പോലും നമ്മളൊന്നായിരിക്കും.”
എന്‍റെ വാക്കുകള്‍ അവളുടെ ഹൃദയത്തില്‍ ഒരു
വേനല്‍മഴയുടെ കുളിര്‍മ്മയുമായി പെയ്തിറങ്ങിയതും,
അവളുടെ മിഴികള്‍ രണ്ടു മിന്നാമിന്നികളെ പോലെ
തിളങ്ങുന്നതും ഇന്നും ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നു.
പിന്നീടുള്ള ഓരോ ദിവസവും കൊഴിഞ്ഞുപോയത്
എത്ര പെട്ടെന്നായിരുന്നു. ഞാന്‍ ഒരിടത്തു പോകുന്നതും
നിനക്കിഷ്ടമില്ലായിരുന്നു. എന്നും നീയായിരുന്നു
ആ അമ്പലമുറ്റത്ത് ആദ്യമെത്തിയിരുന്നതും.
പലപ്പോഴും ഞാനും എന്‍റെ മറ്റുകാര്യങ്ങള്‍ മറന്നിരുന്നതും
ആ സന്ധ്യകള്‍ക്ക് വേണ്ടിയായിരുന്നു.
വൈകുന്നേരങ്ങള്‍ക്ക് നീളം കുറഞ്ഞു വരികയാണെന്ന്
പലപ്പോഴും നീ പരിഭവം പറയുമായിരുന്നു.
നിന്‍റെ മിഴികളില്‍ വേദനയുടെ നിഴലാട്ടം കാണുമ്പോള്‍
എന്‍റെ ഹൃദയം പിടയുന്നത് നീയറിഞ്ഞിരുന്നുവോ?
ദിവസങ്ങള്‍ കടിഞ്ഞാണില്ലാത്ത കുതിരയെപോലെ
പായുന്നതിനിടയിലൊരുനാള്‍.......
എന്നത്തേയും പോലെ നീ ആ അമ്പലമുറ്റത്ത്
എന്നെയും കാത്തു നിന്നിരുന്നു. അന്നു ഞാന്‍
ഒത്തിരി വൈകിയെത്തിയിട്ടും നിന്‍റെ മിഴികളില്‍
എന്നോട് തെല്ലും പരിഭവമുണ്ടായിരുന്നില്ല.
മറിച്ച് മറ്റെന്തോ ഓര്‍ത്തു നീ സങ്കടപെടുന്നത് ഞാനറിഞ്ഞു.
എപ്പോഴും കണ്ണില്‍ കണ്ണില്‍ നോക്കി സംസാരിച്ചിരുന്ന നീ
അന്നുമാത്രം വിദൂരതയിലേക്ക് നോക്കിയിരുന്നു.
ഒന്നും മിണ്ടാതെ!!
ശിരസ്സുയര്‍ത്താനാവാതെ നിന്ന നിന്‍റെ മുഖം
എന്‍റെ കൈകളിലൊതുക്കി ഞാന്‍ ചോദിച്ചു
“എന്തിനാണ് ഇത്രയും സങ്കടപെടുന്നത്?”
എന്നെ തളര്‍ത്തുന്ന നിന്‍റെ മിഴികളില്‍ അപ്പോഴും
വേദനയുടെ കുഞ്ഞോളങ്ങള്‍ അലയടിക്കുന്നുണ്ടായിരുന്നു.
പതിഞ്ഞ ശബ്ദത്തില്‍ നീയെന്നോട് പറഞ്ഞു.
ആ യാത്രയെക്കുറിച്ച്..........
എത്രയും പെട്ടെന്ന് ഞാന്‍ മടങ്ങിവരും.
കാരണം എന്‍റെ ഹൃദയം അതു ഞാനീ നടയില്‍
വെച്ചിട്ടാണ് പോകുന്നത്. പിന്നെയും എന്തൊക്കെയോ
നീ പറഞ്ഞിരുന്നു. ഒരുപക്ഷെ ഉള്ളില്‍ നിറയുന്ന നൊമ്പരം
ഞാനെന്‍റെ പുഞ്ചിരിയാല്‍ മറക്കാന്‍ ശ്രമിച്ചത്
കൊണ്ടായിരിക്കാം, മറ്റൊന്നും കേള്‍ക്കാതെ പോയത്.
കാരണം എന്‍റെ വിഷമത്തെക്കാള്‍ എന്നെ വേദനിപ്പിക്കുന്നത്
നിന്‍റെ വിഷമമായിരുന്നല്ലോ!!!
അന്നു നീ യാത്ര പറഞ്ഞു പോയതാണ്.
ഉടനെ മടങ്ങിവേരുമെന്നും പറഞ്ഞുകൊണ്ട്...!!
അതിനു ശേഷം നീ എന്നെയും
ഞാന്‍ നിന്നെയും കണ്ടിട്ടില്ലല്ലോ.
ഇന്നെന്‍റെ ഹൃദയം നിന്നെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു.
മറവിയെന്ന അനുഗ്രഹം പോലും എന്നെ
വിട്ടുപിരിഞ്ഞിരിക്കുന്നു.
വിരഹമുണര്‍ത്തുന്ന ഇന്നലെകളിലൂടെ ഞാനിന്നും
അലയുകയാണ്.
അറിയുന്നു ഞാന്‍.....
ഇന്നു നിനക്കും എനിക്കുമിടയില്‍
അനന്തമായ അകലമാണെന്ന്!
ഇന്ന് നിന്നെ കുറിച്ചോര്‍ത്തു മിഴികള്‍ നിറക്കുവാന്‍ പോലും
എന്‍റെ കണ്ണുകള്‍ക്കു കഴിയുന്നില്ലല്ലോ…
എന്‍റെ സ്നേഹം……..!!
അതെല്ലാം ഉപേക്ഷിച്ചു നീ പോയതെങ്ങോട്ടായിരുന്നു?
ഒരു യാത്ര പോലും പറയാതെ നക്ഷത്രങ്ങളുടെ
ലോകത്തിലേക്ക് യാത്രയായ നിന്നെയുമോര്‍ത്ത്
ഞാനിവിടെ തനിയെ ഇരിക്കുന്നു.
ഋതുഭേതങ്ങറിളയാതെ…
ഓര്‍മ്മകളിലെപ്പോഴും നീ പറഞ്ഞ വാക്കുകളാണ്
പ്രതിധ്വനിക്കുന്നത്.....
“നിന്നെ കണ്ടില്ലായിരുന്നെന്കില്‍..... നിന്‍റെ ഇഷ്ടം
എന്‍റെ ഹൃദയത്തെ തൊട്ടുണര്‍ത്തിയില്ലായിരുന്നുവെങ്കില്‍.....
അനന്തകോടി നക്ഷത്രങ്ങള്‍ക്കിടയിലെ ഒരു കൊച്ചു
നക്ഷത്രമാവാനായിരുന്നു എന്‍റെ മോഹം"
നിന്‍റെ മോഹങ്ങള്‍ അതു തെല്ലെങ്കിലും പൂവണിഞ്ഞു.
അതെന്‍റെ മോഹങ്ങള്‍ക്ക് മീതെ
ചിതയൊരുക്കിയിട്ടാണെങ്കില്‍ പോലും..........!!
ഇപ്പോള്‍ ഞാനീ ഇരുട്ടില്‍ അലയുന്നത് അങ്ങകലെയിരുന്നു
നീ കാണുന്നുണ്ടാവും.
അനേകകോടി നക്ഷത്രങ്ങളിലൊരുവളായി
കാറില്ലാത്ത ആകാശത്ത് നക്ഷത്രമായ് നീ ചിരിക്കുമ്പോള്‍
നീ അറിയുന്നില്ലല്ലോ ചിതല്‍ പാതി തിന്നോരീ
ആത്മാവും പേറി ഞാനിവിടെ തനിച്ചാണെന്ന്..!!