Thursday, January 27, 2011

Thursday, December 16, 2010

നാലുമണിപ്പൂവ്........!!! (കഥ..!!)

നിന്‍റെ മുടിത്തുമ്പില്‍ നിന്നുതിര്‍ന്നു വീഴുന്ന നീര്‍ത്തുള്ളികള്‍ എന്‍റെ മനസ്സിലിപ്പോള്‍ നിറച്ചു തരുന്നത് പെയ്തൊഴിയാത്ത മുകിലുകളെയാണ് .....!!മഴ* തോര്‍ന്ന സായാഹ്നങ്ങളില്‍ പൂന്തോട്ടത്തിലെ നാലുമണി പൂക്കളില്‍ നിറഞ്ഞ മഴ*ത്തുള്ളികള്‍ കൈത്തലം കൊണ്ടു തലോടി നീ പറയുമായിരുന്നു.......!!!ഈ നനവു മാത്രമെന്നും എന്‍റെ ആത്മാവില്‍ നിറച്ചു തന്ന്
ഈ നാലുമണി പൂക്കളെ പോലെ മഴ* തോരുന്നതോടൊപ്പം കൊഴിഞ്ഞു പോയിരുന്നെങ്കില്‍ ഞാനെത്ര ഭാഗ്യവതിയായിരുന്നു.!
ഒടുവില്‍ നിന്‍റെ മോഹങ്ങള്‍ പൂവണിഞ്ഞു........!!!!!
ഇടറിപ്പെയ്യുന്ന മഴ*യുള്ള ഒരു രാത്രിയില്‍......!!

സ്വപ്നങ്ങളുടെ ജാലകം തുറന്നിട്ട് രാത്രിമഴയോട് കിന്നാരം പറഞ്ഞു കിടക്കുന്നതും കണ്ടു ഞാന്‍ നിനക്കു രാത്രിമഴ*യും നേര്‍ന്നു കൊണ്ട് പുറത്തേക്കിറങ്ങിയതായിരുന്നു.........!!നൈറ്റ് ഷിഫ്റ്റായിരുന്നാലും ഇടക്കിടെ എന്‍റെ കോളുകള്‍ നിന്നെ തേടിയെത്തുമായിരുന്നു...!!

ഒടുവില്‍ നിന്‍റെ ഉറക്കം തളര്‍ത്തിയ ശബ്ദം കേട്ടാല്‍ മാത്രമേ ആ വിളികള്‍ അവസാനിക്കുമായിരുന്നുള്ളൂ.....!!

അന്നേന്തോ... തിരക്കു പിടിച്ചൊരു ദിവസമായിരുന്നു...!!!ഒരിക്കല്‍ പോലും നിന്നെ വിളിക്കാന്‍ എനിക്കു കഴിഞ്ഞില്ല...!!
പുലരാറായപ്പോള്‍ പണിയൊന്നൊതുങ്ങി സീറ്റില്‍ കണ്ണുമടച്ചു കിടക്കുമ്പോള്‍ തെളിഞ്ഞത് നിന്‍റെ മുഖമായിരുന്നു..!!
അപ്പോഴായിരുന്നല്ലോ നിന്നെ അത്രയും നേരം എനിക്കു മറന്നിരിക്കാന്‍ കഴിഞ്ഞുവോ എന്ന് ഞാന്‍ അതിശയപ്പെട്ടതും...!!
പെട്ടെന്നു തന്നെ ഫോണെടുത്ത് നിന്നെ വിളിക്കാനൊരുങ്ങിയതായിരുന്നു...പക്ഷേ മൊബൈലില്‍ നോക്കിയപ്പോള്‍

സമയം മൂന്നരയായിരിക്കുന്നു..!!വെറുതെ ഉറക്കം നഷ്ടപ്പെടുത്തേണ്ടാ എന്നു ചിന്തിച്ചു ഞാന്‍ കസേരയിലേക്ക് ചാഞ്ഞു.
മിഴികളെയെപ്പോഴായിരുന്നു ഉറക്കം വന്നു തലോടിയതെന്നു പോലും അറിഞ്ഞിരുന്നില്ല...
“സര്‍ സമയം 6.30 ആയി...പോകുന്നില്ലേ..??
"
സൈരയുടെ വിളി കേട്ടാണു ഉണര്‍ന്നത്...പെട്ടെന്നു തന്നെ വാച്ചില്‍ നോക്കി,.. ദൈവമേ 30 മിനിറ്റ് ലേറ്റ്....!!
പെട്ടെന്നു തന്നെ മുഖം കഴുകി ഞാന്‍ പുറത്തേക്കിറങ്ങി...കാറിലോട്ട് കയറി..കീയെടുക്കാന്‍ വേണ്ടി പോക്കറ്റില്‍ കയ്യിട്ടപ്പോഴാണ്.. കീയില്ല... തിരിച്ച് വന്നു ലിഫ്റ്റിനു കാത്തു നില്‍ക്കാതെ മുകളിലേക്കോടി..ടേബിളില്‍ നിന്നും കീയെടുത്തു തിരിച്ചിറങ്ങി..
ഇന്നു പതിവില്ലാത്തതൊക്കെയും സംഭവിക്കുന്നല്ലോ..എന്താ തനിക്കു സംഭവിച്ചതെന്നു മനസ്സിലോര്‍ത്തു കൊണ്ടു കാറില്‍ കയറി..!! യാത്രയിലുടനീളം നിന്‍റെ മുഖമായിരുന്നു മനസ്സില്‍..രണ്ടു ദിവസമായ് നേരിയ പനി നിന്നെ വിട്ടു മാറുന്നില്ലായിരുന്നു..
ഇടക്കിടെ വന്നു ഞാന്‍ നിന്‍റെ നെറ്റിയില്‍ കൈ വെച്ചു നോക്കുമ്പോള്‍ നീ പറഞ്ഞത് അതു മഴക്കാലദിവസങ്ങളില്‍
ഉണ്ടാകുന്ന ഇളംചൂടാണ്; ഞാനതൊന്നാസ്വദിക്കട്ടെ ചേട്ടാ എന്നായിരുന്നു.....!!
എന്നിട്ടും എന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി അടുത്തുള്ള ഡോക്റ്ററെ കണ്ടു അയാള്‍ കുറിച്ചു തന്ന മരുന്ന് വാങ്ങി നിന്നെ കൊണ്ടു കഴിപ്പിച്ചപ്പോഴായിരുന്നു എനിക്കു സമാധാനമായത്..!!
“നാളേയെന്തായാലും നമുക്ക് ടൌണിലെ ഹോസ്പിറ്റലിലേക്ക് പോയി വിശദമായ ചെക്ക് അപ്പ് നടത്താം കേട്ടോ..!“

“എന്തിനാ അത്..?“
“ഒരു ചെറിയ പനിക്കാണോ ഇങ്ങിനെ.. എന്നാല്‍ പിന്നെ വലിയ അസുഖം വരുമ്പോള്‍ എന്നെ എങ്ങോട്ട് കൊണ്ടുപോകും,...?
അമേരിക്കയിലേക്കു കൊണ്ടു പോകുമോ...?“
നിന്‍റെ വാക്കുകളിലെപ്പോഴും കുസ്രുതിയായിരുന്നു...!!
കാര്‍ ഗേറ്റിന്‍റെ പടിയെത്തിയപ്പോഴായിരുന്നു ചിന്തകളില്‍ നിന്നുണര്‍ന്നത്..!
പോക്കറ്റില്‍ നിന്നും താക്കോലെടുത്ത്
വാതില്‍ തുറന്ന് അകത്തു കയറി.. !!!
പതിവായ് കേള്‍ക്കുന്ന ഭക്തിഗാനം കേട്ടില്ല..!!

രാവിലെ എഴുന്നേറ്റാല്‍ നീ ആദ്യമേ ചെയ്യുന്നത് അതായിരുന്നല്ലോ........!!

മെല്ലെ ചാരിയിട്ട വാതില്‍ തുറന്ന് അകത്തു കയറിയപ്പോള്‍ നീ നല്ല ഉറക്കത്തിലായിരുന്നു...!!
“അല്ല...ഇതുവരെ എഴുന്നേറ്റില്ലേ??“
ഷര്‍ട്ടിന്‍റെ ഹുക്കുകള്‍ ഓരോന്നായ് അഴിക്കുമ്പോള്‍ ഞാന്‍ ചോദിച്ചു...

എന്നിട്ടും നീയൊന്നും മിണ്ടാതെ കിടക്കുന്നതു കണ്ടപ്പോള്‍ ഞാന്‍ മെല്ലെ നിന്‍റെ അരികില്‍ വന്നിരുന്നു...

എന്‍റെ കൈത്തലമെടുത്തു നിന്‍റെ നെറ്റിയില്‍ വെച്ചു..ചൂടെല്ലാം വിട്ടുമാറിയിരിക്കുന്നു.....1

നേരിയ തണുപ്പുണ്ട്....!!“അല്ല പനിയെല്ലാം വിട്ടുമാറിയല്ലോ.. മതിയുറങ്ങിയത് എഴുന്നേല്‍ക്ക്
“എന്നു പറഞ്ഞു
മെല്ലെ നിന്‍റെ കയ്യില്‍ പിടിച്ചപ്പോള്‍..
കാലിന്നടിയില്‍ നിന്നുമൊരു മിന്നല്‍ പിണര്‍ ഹ്രുദയത്തിലൂടെ കടന്നു പോയതു ഞാനറിഞ്ഞു..!
നിന്‍റെ തണുത്തു വിറങ്ങലിച്ച കൈകളില്‍ പിടിച്ചു അനക്കമറ്റവനെ പോലെ ഞാനെത്ര നേരം നിന്നു..
അറിയില്ല..!!യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാന്‍ കഴിയാതെ.. ഒന്നു കരയാന്‍ പോലുമാകാതെ എത്ര നേരം..!
ഞാനും നീയുമൊരുമിച്ചുള്ള ഓരോ നിമിഷങ്ങളും, ഓരോ വാക്കുകളും മനസ്സിലൂടെ മിന്നി മാഞ്ഞു കൊണ്ടെയിരുന്നു.
ഇപ്പോള്‍ ഞാനും തിരിച്ചറിയുന്നു നീയുമൊരു നാലുമണിപ്പൂവായിരുന്നെന്ന്........!!!!
നിന്‍റെ സ്വപ്നങ്ങളിളിലേതു പോലെയൊരു നാലുമണിപ്പൂവ്..................!!!!

Wednesday, June 2, 2010

ഇനിയും പെയ്യാതെ നീ.......!!

ഇനിയും പെയ്യാതെ നീ.......!!
എന്‍റെ കിനാവിന്‍റെ ചിറകുകളില്‍
നേര്‍ത്ത തെന്നല്‍ വന്നു തഴുകുന്നതു പോലെ
നീയും നിന്നോര്‍മ്മകളും........!!!
ഒരിക്കലും മറക്കാന്‍ കഴിയാത്ത നിന്‍റെ
നനവൂറും സംഗീതം ഹൃദയത്തില്‍‍.......!!!
കാലമെങ്ങിനെ കടന്നു പോയാലും
ഒരിക്കലും മായാതെ നില്‍ക്കുന്നതു
നീയും നിന്‍റെയീ നനുത്ത സ്പര്‍ശവും മാത്രം........!!
പെയ്യാന്‍ കൊതിക്കുന്ന കരിമുകിലുകളെ
കാണിച്ചു നീ കൊതിപ്പിക്കുമ്പോഴും
നനുത്ത കാറ്റായി വന്നു തലോടുമ്പോഴും
ഒടുവിലൊരു തുള്ളി പോലും എന്‍റെയീ
ശരീരത്തെ നനക്കാതെ പോകുമ്പോഴും
പരാതിയില്ലാതെ ഞാന്‍....!
എന്തുകൊണ്ടെന്നാല്‍.......!!
അത്രയേറെ ഓര്‍മ്മകള്‍ കൊണ്ടു നീയെന്‍റെ
മനസ്സിനെ നനച്ചു കഴിഞ്ഞിരിക്കുന്നു...!!
എനിക്കായ് മാത്രം നീ വരില്ലെന്നറിയാം..
എങ്കിലും...
സ്വപ്നങ്ങളുടെ വിണ്ണില്‍ നിന്നും
നീ പെയ്തു വീഴുന്നതെന്റ്റെ
മനസിന്‍റെ മണ്ണിനെ നനക്കാനായ്
മാത്രമെന്നു നിനച്ചു ഞാനിരുന്നോട്ടെ....???

Sunday, September 20, 2009

സ്നേഹം........!!

അറിയാതെ മനസ്സില്‍ നിറയുന്ന
ആര്‍ദ്രമായ വികാരം...!!
ആര്‍ക്കും ആരോടും തോന്നാവുന്ന
അനിര്‍വ്വചനീയമായ അനുഭൂതി...!!
അകലങ്ങളില്‍ നിന്നും വിരുന്നെത്തി
അറിയാതെ മനസ്സിനെ ഉണര്‍ത്തും
അലിഞ്ഞു ചേരും ഹൃദയത്തില്‍
അമൃതമഴയായ് പൊഴിയും
അളവില്ലാതെ കൊടുക്കുമ്പോഴും
അതിരുകളില്ലാതെ മോഹിക്കും...!!
അതിനായ്‌ മാത്രം കേഴും...!!
അവസാനം മറവിയുടെ ഒരേട്‌,
അല്ലെങ്കില്‍ നോവിക്കുമൊരു വാക്ക്
ആ നിര്‍മലമായ പുസ്തകത്തില്‍
അശാന്തിയുടെ ചിത്രങ്ങള്‍ കോറിയിട്ട്
ആത്മാവില്‍ വേദന നിറച്ച്
അകന്നകന്നു പോകുന്നു...!!
അഴകാര്‍ന്ന അനുഭൂതി
അഴലാല്‍ നിറച്ച്
ആരോടും പറയാതെ....!!!

Monday, April 13, 2009

നീ എനിക്ക് ആരാണ്..........???

ഏകാന്തതയുടെ തടവുകാരനായ്
ലക്ഷ്യവും സ്വപ്നങ്ങളുമില്ലാതെ
തേങ്ങുന്ന ഓര്‍മ്മകളുമായ് ഞാനെന്‍
‍മുറിക്കുള്ളില്‍ അലയുകയായിരുന്നു....

കണ്ണീരില്‍ കുതിര്‍ന്ന നിനവുകള്‍
പുനര്‍ജ്ജനിയില്ലാത്ത കനവുകള്‍
എല്ലാം ഞാന്‍ ആത്മാവിലെരിയുന്ന
ചിതയിലര്‍പ്പിച്ചു നീറുകയായിരുന്നു....

തമസ്സിന്‍റെ നിഗൂഡതയിലേക്ക് ഞാന്‍
ദിക്കറിയാത്ത കുരുടനെ പോലെ
പദമിടറി നീങ്ങുമ്പോള്‍ നീ
നന്‍മയുടെ വെളിച്ചമായ് വന്നു....

നിന്നെ കുറിച്ച് നിനക്കേറെ
പറയുവാനുണ്ട്, എങ്കിലും
പ്രിയസഖീ, വേവുന്ന മനസ്സില്‍
നീ ഹിമകണമായ് നിറയുന്നു....

വിതുമ്പുന്നു എന്‍ മുന്നിലെപ്പോഴും
നീയൊരു പിഞ്ചു കുഞ്ഞിനെ പോല്‍
പറയുന്നു നീ നിത്യം ഞാനൊരു
ദൈവമാണ് നിനക്ക് മരണം വരെ...

അനാഥാലയത്തിലെ ദുരിതജീവിതം
നിന്നോര്‍മ്മയെ ചുട്ടുപൊള്ളിക്കുമ്പോള്‍
ഉതിര്‍ന്നു വീഴുമാ മിഴിനീര്‍തുള്ളികള്‍
നിശ്ചലമാമെന്‍ കാലുകളിലായിരുന്നു....

അറിയുന്നു ഞാനിപ്പോഴാ സത്യം
മൂളിയും നിരങ്ങിയും നീങ്ങുമീ
വീല്‍ചെയറിന് നീയൊരു ഇന്ധനമായ്
നിറയുമിനിയീ ജീവിതയാത്രയില്‍....

പറയാനറിയില്ലാ നീയാരാണെനിക്ക്
എങ്കിലുമറിയാം നീയാണെനിക്കെല്ലാം
എന്‍റെ ശ്വാസവും താളവും സ്വപ്നവും
ചലനവും വെളിച്ചവും നീ മാത്രം....

Wednesday, April 8, 2009

അമ്മ.....



മനസ്സും ശരീരവും കാണിക്ക വെച്ചു നീ
പേറുന്നു ഞങ്ങള്‍ തന്‍ ഭാരം
ഏകുന്നു ഞങ്ങള്‍ വേദന മാത്രം നിന്‍
ഉദരത്തിലൊരു പത്തു മാസം
നോവിലും നിന്‍ മുഖം പുഞ്ചിരി തൂകുന്നു
സര്‍വ്വം സഹിക്കുന്ന ഭൂമിയെ പോല്‍
നിര്‍മ്മലമാകുമീ ത്യാഗങ്ങളത്രയും നിന്‍
പിഞ്ചു പൈതലിന്‍ മുഖമൊന്നു കാണാന്‍
ഒടുവിലാ പിഞ്ചു പൈതലിന്‍ കരച്ചില്‍
നിന്‍ മനസ്സിന്‍റെയുള്ളില്‍ നിര്‍വൃതിയേകുന്നു.....
ചുരത്തിതുടങ്ങുന്നു നിന്‍ മാതൃഹൃദയം
തന്‍ പിഞ്ചു കുഞ്ഞിന്നമൃതമായി തീരാന്‍
ഉരുകുന്നു നിന്‍ കരളിന്‍റെയുള്ളം
നിര്‍ത്താതെ കുഞ്ഞൊന്നു കരഞ്ഞു പോയാല്‍
കൈ വളരുന്നുവോ, കാല്‍ വളരുന്നുവോ
നോക്കുന്നു നീയോരോ പുലരിയിലും.....
മാറോടു ചേര്‍ത്തു നീ താരാട്ട് പാടുന്നു
പിഞ്ചുവിരലില്‍ പിടിച്ചു നടത്തീടുന്നു
ഇരുള്‍മൂടും വഴിയില്‍ വെളിച്ചം പകരുവാന്‍
നിറയുന്നു നീ ഒരു നറുദീപമായെന്നും
പടവുകളോരോന്നു പതിയെ കടക്കുമ്പോള്‍
തുള്ളിതുടിക്കുന്നു നിന്‍ മാതൃഹൃദയം
പതറല്ലേ കുഞ്ഞിന്‍ ചുവടുകളൊന്നും
നിറയുന്നു നിത്യം നിന്‍ പ്രാര്‍ത്ഥനയില്‍
എത്ര വളര്‍ന്നാലും, എത്ര മതിചാലും
കണ്മുന്നില്‍ മക്കളൊരു പൈതല്‍ മാത്രം
നന്‍മയായ്‌ നിറയുന്നു ജീവിത യാത്രയില്‍
നീ വിട പറയും നിമിഷം വരെ...
പകരമായ് വെക്കുവാന്‍ കഴിയില്ല പാരില്‍
നിന്നില്‍ നിന്നൊഴുകും സ്നേഹപ്രവാഹമേ...

Thursday, March 26, 2009

പ്രണയം....


വിതുമ്പാന്‍ കൊതിക്കുന്ന മേഘങ്ങള്‍
മനസ്സില്‍ മഴയായ് പെയ്യുമ്പോള്‍
മഴവില്ലിന്‍ വര്‍ണ്ണ ചിറകുപോലെ
ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേ-
ക്കൊഴുകുന്ന കുളിരരുവിയാണ് നീ.....
പറയാന്‍ മറന്നതും, മടിച്ചതും
മന്ദഹാസമായ് വിരിഞ്ഞതും
എഴുതാന്‍ കൊതിച്ചതും, ശ്രമിച്ചതും
മിഴികളാല്‍ കൈമാറിയതും
നീയെന്ന നിര്‍വൃതിയെ പുണരാന്‍...
കാത്തിരിപ്പിനോടുവില്‍ നീയെന്നില്‍
സത്യമായ് നിറയുമ്പോള്‍
‍ഊഷരമാമെന്‍ ഹൃദയത്തില്‍
‍ഹിമകണമായ് പൊഴിയുന്നു നീ...
ഒരു പൂവായെന്‍ ഹൃദയമുണരുമ്പോള്‍
‍കാര്‍വണ്ടായ് നീ പറന്നെത്തും
എന്നിലൂറും മധുകണങ്ങള്‍
നീയെന്ന വണ്ടിനു മാധുര്യമേകും.....
പിന്നെ
നീര്‍വറ്റിയ എന്‍ മേനിയിലിരുന്നു
നീതേടുന്നു മറ്റൊരു പൂവിന്‍ ചന്തം
ഒടുവില്‍ ഒന്നും പറയാതെ നീ
പറന്നകലുമ്പോള്‍.......
എന്‍ ഹൃദയം മന്ത്രിക്കുന്നു
നീ അഗ്നിയാണ്.......
മനസ്സിനെ മോഹിപ്പിക്കുന്ന സൌന്ദര്യവും
ദഹിപ്പിക്കുന്ന ജ്വാലയും നീ തന്നെ.....