Saturday, January 24, 2009

ബാല്യകാലസ്മരണകള്‍

ഓര്‍മ്മകളുടെ മൂടല്‍മഞ്ഞിനുമപ്പുറം
ഇന്നലെയെന്നതുപോലെ മനസ്സിന്‍റെയുള്ളില്‍ തെളിഞ്ഞു
വരുന്ന ഒത്തിരി ബാല്യകാല സ്മരണകളുണ്ട്…..
ഇന്നിന്‍റെ യാഥാര്‍ത്ഥയ്‌ത്തില്‍ നിന്നും
ഇന്നലകളിലെ ഓര്‍മ്മകളിലേക്കവന്‍ ഒരു
തീര്‍ത്ഥയാത്ര പോകുമ്പോള്‍ ഒത്തിരി കുസൃതികളും,
പാതി കരിഞ്ഞുപോയ സ്വപ്നങ്ങളും,
വേര്‍പാടിന്റെ വേദനയും,സന്തോഷവും,
ദുഖവുമെല്ലാം അതിലുണ്ട്.....
ബാല്യത്തില്‍….
കൂരിരുട്ടത്ത് പുഞ്ചിരിക്കുന്ന നക്ഷത്രങ്ങളെ നോക്കി
നില്‍ക്കാന്‍ കൊതിയായിരുന്നു അവന്.........
കാരണം അവയുടെ പുഞ്ചിരിയില്‍ മയങ്ങി നില്‍ക്കുമ്പോള്‍
സമയവും കാലവുമെല്ലാം മറന്നങ്ങിനെ നില്‍ക്കാമല്ലോ.....
മഞ്ഞുപെയ്യുന്ന രാത്രികളില്‍ നടുമുറ്റത്തെ
തുളസിത്തറയില്‍ ചാരിയിരുന്നു ആകാശത്തേക്ക്
നോക്കിയങ്ങിനെയിരിക്കും തനിയെ…..
പടിഞ്ഞാറെ മുറ്റത്തെ നല്ലമാവിന്റെ ഇലകളില്‍ നിന്നും
വലിയ മഞ്ഞുത്തുള്ളികള്‍ കരിയിലകളില്‍ വീണു
ചിതറുമ്പോഴുണ്ടാകുന്ന ശബ്ദം എപ്പോഴും
മനസ്സിനൊരു സുഖമുള്ള അനുഭവമായിരുന്നു…..
കുറെ നേരം രാത്രിയുടെ സൗന്ദര്യത്തില്‍ മയങ്ങിയവനിരിക്കും,
ഒടുവില്‍ അത്താഴം കഴിക്കാന്‍ നേരത്താവും
അവനെയുമന്വേഷിച്ചു അമ്മ മുറ്റത്തോട്ടിറങ്ങുക.......
അമ്മക്കറിയാം രാത്രിയായാല്‍ വീടിനു
ചുറ്റുവട്ടത്ത് എവിടേലും അവനിരിക്കുന്നുണ്ടാവുമെന്നു...
പിന്നെ വഴക്ക് പറഞ്ഞുകൊണ്ട് അമ്മ പുറത്തേക്കു വരും…
ഈശ്വരാ ഇവന്‍റെ ഈ ഭ്രാന്ത് എന്നെങ്കിലും മാറുമോ??
അമ്മ ഇങ്ങിനെ ആത്മഗതം ചെയ്യുന്നത് എത്രയോതവണ
അവന്‍ കേട്ടിരിക്കുന്നു......
പിന്നെ ബലമായി കൈപിടിച്ചു വീട്ടിനകത്തേക്ക് കൊണ്ടുപോകും
ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ അമ്മയോട് ചോദിക്കും
“അമ്മേ എന്തിനാ നക്ഷത്രങ്ങള്‍ നമ്മളെ നോക്കി ചിരിക്കുന്നത്??
അവയ്ക്ക് ജീവനുണ്ടോ???”
സംശയമായിരുന്നു മനസ്സിലെപ്പോഴും.........
അതൊക്കെ മരിച്ചു പോയവരെല്ലാം
നക്ഷത്രങ്ങളായി പുനര്‍ജ്ജനിക്കുന്നതാണ് കുട്ടാ.....
അമ്മ അലസമായിട്ടു പറയും……..
“അപ്പൊ പിന്നെ മരിച്ചാലും കുഴപ്പമില്ലല്ലേ അമ്മേ....??”
അവന്‍റെ ഓരോ അര്‍ത്ഥമില്ലാത്ത ചോദ്യങ്ങള്‍
കേള്‍ക്കുമ്പോള്‍ അമ്മ പതിയെ തലയ്ക്കു
കൈകൊടുത്തിട്ടു പറയും…..
വളരുന്തോറും കുട്ട്യോള്‍ടെ ബുദ്ധി കീഴ്പോട്ടാണോ
എന്‍റെ കൃഷ്ണാ…!!!!
അതോ നീ അഭിനയിക്കുവാണോടാ …..
പിന്നെ ചോറ് കൊണ്ടുവന്നു മുന്നില്‍ വെച്ചിട്ട്
വേഗം കഴിക്കാന്‍ പറയും.......
അമ്മ വാരിതന്നാല്‍ മതി ഞാന്‍ വാശി പിടിക്കും…….
“അയ്യേ...!!! ഇത്ര വലിയ ചെക്കനായിട്ടും
ഇപ്പോഴും വാരികൊടുക്കണം. കഷ്ടം…….!!!
നോക്കെടാ നിന്‍റെ അനിയത്തി തനിയെ ഭക്ഷണം
കഴിച്ചു പോയി കിടക്കുന്നത് നീ കാണുന്നില്ലേ…”
അപ്പോള്‍ അവനിലെ ചേട്ടന്‍റെ ഗര്‍വ്വ് ഉടനടി പറയും
"അമ്മേ..... മോന്‍റെ നഖത്തിനിടയില്‍ നിറച്ചും
അഴുക്കായതു കൊണ്ടല്ലേ…….??
നാളെ മുതല്‍ ഞാന്‍ തനിയെ കഴിച്ചോളാം...."
"അതേടാ .... ഇതു നീയെന്നും പറയാറുള്ളതല്ലേ …..
എത്ര വളര്‍ന്നാലും ചെക്കനു കൊഞ്ചലിനൊരു കുറവുമില്ല..."
ഭക്ഷണം കഴിഞ്ഞു കിടക്കാന്‍ നേരം ചെറിയൊരു
വഴക്കുണ്ട് അനിയത്തിയുമായി…..
അച്ഛന്‍റെയുമമ്മയുടെയുമിടയില്‍ കിടന്നുറങ്ങാന്‍…
എല്ലായ്പ്പോഴും അവന്‍ തന്നെയാണതില്‍ വിജയിക്കാറും…
ഉറങ്ങുന്നതു വരെ അവന്‍റെ മനസ്സില്‍ പലപല ചിന്തകളാണ്.....
പുഞ്ചിരിക്കുന്ന നക്ഷത്രങ്ങളും, നിലാവ് പൊഴിക്കുന്ന ചന്ദ്രനും,
മഞ്ഞുപൊഴിയുന്ന രാത്രിയുമെല്ലാം അവനൊരു വിസ്മയമായിരുന്നു....
അങ്ങിനെ ഓരോ കാര്യങ്ങള്‍ മനസ്സിലൂടെ
കടന്നു പോകുന്നതിനിടയില്‍ അവനും നിദ്രയിലേക്ക് വീഴും...
ബാല്യത്തില്‍ വലിയ കുസൃതിയായിരുന്നു അവന്‍ .....
എത്ര കുറുമ്പ് കാണിച്ചാലും അവനെ
അമ്മ വഴക്ക് പറയാന്‍ മടിച്ചിരുന്നു....
അഥവാ വഴക്ക് പറഞ്ഞാല്‍ തന്നെ
അവന്റെയരികില്‍ വന്നു അമ്മ സമാധാനിപ്പിക്കും…..
അന്ന് വീട്ടിലോട്ടു വരാന്‍ വൈകിയാല്‍
അമ്മക്ക് ആധിയായിരുന്നു.......
പിന്നെ ഓരോ സ്ഥലങ്ങളിലും അന്വേഷിച്ചു നടക്കും....
അതെന്തിനാണെന്ന് അന്ന് അവനു മനസ്സിലായിരുന്നില്ല……..
വേറെ ആരെ വഴക്ക് പറഞ്ഞാലും
അമ്മ അങ്ങിനെ ചെയ്യാറില്ലായിരുന്നു….
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് അവന്‍ അതിന്‍റെ
രഹസ്യം മനസ്സിലാക്കിയത് ......
അതും അവന്‍റെ കുഞ്ഞനിയത്തി പറഞ്ഞിട്ട്......!!!!
കാരണം അവന്‍റെ ജാതകപ്രകാരം പതിനാറു വയസ്സുവരെ
നാട് വിട്ടു പോകാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന്.........!!!
അമ്മയുടെ മനസ്സില്‍ എപ്പോഴും ആ പേടിയായിരുന്നുവെത്രേ…..!!!
അതുകൊണ്ടായിരുന്നു അമ്മ മറ്റുള്ളവരേക്കാള്‍ കൂടുതല്‍
അവനെ ശ്രദ്ധിച്ചിരുന്നത്…..
ബാല്യത്തിലെ ഏറ്റവും ഓമനിക്കുന്ന നിമിഷം
ഏതെന്ന് ചോദിച്ചാല്‍ അവന്‍ പറയും.....
അച്ഛന്‍റെ മുതുകില്‍ കയറിയിരുന്നു കോരിച്ചൊരിയുന്ന
മഴയത്ത് ആദ്യമായി സ്കൂളിലേക്ക് പോയത്.....
നനഞ്ഞൊട്ടിയ വസ്ത്രങ്ങളും, തണുത്തു വിറയ്ക്കുന്ന
ശരീരവുമായി,അച്ഛന്‍ വാങ്ങിതന്ന പഞ്ഞിമിട്ടായിയും
കയ്യില്‍ പിടിച്ചു ആദ്യമായി ക്ലാസ്സില്‍ കയറിയ നിമിഷം.....
പതിയെ ഒരു ബെഞ്ചിന്‍റെ അറ്റത്തു അവനിരുന്നു...
ഇടയ്ക്കിടെ തിരിഞ്ഞു അച്ഛനെ നോക്കി കൊണ്ടിരിക്കും
അച്ഛനവിടെ തന്നെയുണ്ടോയെന്ന്.....
കുറെ കഴിഞ്ഞു നോക്കുമ്പോള്‍ തന്നോടൊന്നും
മിണ്ടാതെ ദൂരേക്ക് പോയിക്കൊണ്ടിരിക്കുന്ന
അച്ഛനെയാണ് കണ്ടത്........
അപരിചിതമായ സ്ഥലത്ത് ഒറ്റപെട്ടതുപോലെ പോലെ തോന്നി......
പിന്നെ അവന്‍ ഒന്നും ആലോചിച്ചില്ല.......
അച്ഛന്‍ പോയ അതെ വഴിയിലൂടെ ആരുടേയും
അനുവാദത്തിനു കാത്തുനില്‍ക്കാതെ ആ മഴയത്തവന്‍ ‍ഓടി......
പിന്നെ എന്തോ തോന്നി അച്ഛനും തിരിച്ചുകൊണ്ടു
വന്നു ക്ലാസ്സിലിരുത്തിയില്ല.......
അന്നതൊരു വലിയ സാഹസമായിരുന്നെങ്കിലും
പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഒരു കൊച്ചു
വള്ളിനിക്കറുകാരന്‍ ക്ലാസ്സില്‍ നിന്നും ജീവനും
കൊണ്ടോടുന്ന കാഴ്ച ഇപ്പോഴും മനസ്സില്‍ നിന്ന്
മായാതെ നില്‍ക്കുന്നു ഒപ്പം ചെറിയൊരു തമാശയും
ആ ദിവസങ്ങള്‍ക്കിടയിലെന്നോ ആണ്..
അമ്മൂമ്മ ഈ ലോകത്തോട്‌ വിട പറയുന്നത്.
വീട്ടില്‍ എല്ലാവരുടെയും കണ്ണില്‍ നിന്ന്
കണ്ണീര്‍ ചാലുകള്‍ ഒഴുകുന്നത്‌ ഇപ്പോഴും ഓര്‍മയിലുണ്ട്….
അപ്പോഴും അവനു വിഷമം തോന്നിയത്
അമ്മയും,അമ്മായിയും,ചേച്ചിയുമൊക്കെ കരയുന്നത് കണ്ടിട്ടാണ്...
അന്നവനറിയില്ലായിരുന്നു എന്തിനാണവര്‍
വെള്ളത്തുണിയാല്‍ അമ്മൂമ്മയെ പുതപ്പിച്ചു
അതിനരികിലിരുന്നു ഇത്രക്കും കരയുന്നതെന്ന്.......?
അപ്പോഴും അവന്‍റെ കണ്ണുകള്‍ ആഹ്ളാദത്തിന്റെ
നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് മുറ്റത്തുയര്‍ന്ന
പന്തലിലെക്കായിരുന്നു......
അവനറിയാം പന്തലിട്ടു കഴിഞ്ഞാല്‍ ഇനി
ഒത്തിരി ആളുകള്‍ വീട്ടില്‍ വരും.
സമപ്രായക്കാരായ അവരുടെ കുട്ടികളും....….
പിന്നെ അവരുമൊത്ത് കളിക്കാനുള്ള തിടുക്കമായിരുന്നു ….
അന്നത്തെ ആ സംഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇന്നും
അവന്‍റെ മനസ്സില്‍ സ്വയമൊരു വെറുപ്പ്‌ തോന്നാറുണ്ട് ........
ഒരു മനുഷ്യനും തോന്നാത്ത ചിന്തകളായിരുന്നില്ലേ തനിക്കന്ന്…..??
പിന്നെ സ്വയം ആശ്വസിക്കും ബുദ്ധിയുറക്കാത്തവന്‍റെ
ചാപല്യമായിരുന്നില്ലേ അതെന്നു.....!!!!
ഋതുക്കള്‍ മാറുന്നതോടൊപ്പം,………
അവന്‍റെ ചിന്തകളിലും മാറ്റങ്ങളുണ്ടായിക്കൊണ്ടിരുന്നു……….
ഇതിനിടയില്‍ ഒരുപാടു ദിവസങ്ങള്‍ അച്ചനെയുമമ്മയെയും
പിരിഞ്ഞിരിക്കേണ്ടി വന്നിട്ടുണ്ടായിരുന്നു......
കാരണം,ആ ദിവസങ്ങളില്‍ വീടിനേക്കാള്‍ കൂടുതല്‍
അച്ഛനുമമ്മയും ഉറങ്ങിയിട്ടുള്ളത് ആശുപത്രിയിലായിരുന്നു
അച്ഛന്‍റെ അസുഖത്തിന് വലിയ കുറവൊന്നുമുണ്ടായിരുന്നില്ല…..
ഇടയ്ക്കു അസുഖം കുറഞ്ഞാല്‍ വീട്ടിലോട്ടു വരും
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍
പിന്നെയും തിരിച്ചു ആശുപത്രിയിലോട്ടു....
അച്ഛനെ ശുശ്രൂഷിക്കാന്‍ വേറെയാരും ഇല്ലാത്തതിനാല്‍
അമ്മയുടെ അസുഖം ആരേയുമറിയിക്കാതെ അമ്മ മറച്ചുവെച്ചു ...
പിന്നെ ചികില്‍സിച്ചിട്ടും കാര്യമില്ലാത്ത സമയമായപ്പോള്‍
അമ്മയും ആശുപത്രിയിലായി........
മുന്‍പ് ആശുപത്രിയില്‍ പോകാന്‍ പേടിയായിരുന്നു അവന്‍….
അവിടെ ചെന്നാല്‍ മരുന്നുകളുടെ മനം മടുപ്പിക്കുന്ന
ഗന്ധവും,മരണത്തിന്‍റെ തണുപ്പ് നിറഞ്ഞ സാനിദ്ധ്യവും
എപ്പോഴും അനുഭവപ്പെടുമായിരുന്നു…..
പിന്നെ പിന്നെ ആശുപത്രിയിലെ മരണത്തിന്‍റെ തണുപ്പും
മരുന്നിന്‍റെ വെറുപ്പുളവാക്കുന്ന ഗന്ധവുമൊന്നും
അവന്‍റെ കുഞ്ഞുമനസ്സിന്നു വലിയ ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല.....
കാരണം അവന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന അമ്മ
അവിടെ കിടക്കുമ്പോള്‍ മറ്റൊന്നിനും
അവനെ മടുപ്പിക്കാനാവുമായിരുന്നില്ല.....
പിന്നെ ആദ്യമായി ഹൈസ്കൂളിന്റെ പടികയറി.....
കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ അധ്യാപികമാരുടെ
സ്നേഹം ഒത്തിരി അനുഭവിക്കാന്‍ കഴിഞ്ഞു.....
അതിനു ഒരു കാരണം തൊട്ടപ്പുറത്തെ ക്ലാസ്സില്‍ പഠിക്കുന്ന
അമ്മാവന്‍റെ മകളായിരുന്നു...
അവനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും അവള്‍
അധ്യാപികമാരോട് പറയും .......
അച്ഛനുമമ്മയും എപ്പോഴും ആശുപത്രിയില്‍
മൂത്ത സഹോദരങ്ങള്‍ വിദേശത്ത്.........
ആരുടേയും നിയന്ത്രണങ്ങള്‍ അവന്‍റെ
മുന്പിലുണ്ടായിരുന്നില്ല ....
വഴി തെറ്റി പോകാവുന്ന പ്രായം.....
അതു പോലെയൊക്കെ അവന്‍റെ സ്കൂള്‍ ജീവിതത്തിലും
സംഭവിച്ചു........
ക്ലാസ്സില്‍ വരുന്നത് അപൂര്‍വ്വം ........
പലപ്പോഴും സ്കൂള്‍ സ്റ്റോപ്പില്‍ ഇറങ്ങിയാലും
ക്ലാസ്സിലോട്ടു പോകാറില്ല തിരിച്ചു വീട്ടിലേക്കു തന്നെ പോകും .......
എങ്കിലും റിസള്‍ട്ട് വരുമ്പോള്‍ ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍
മാര്‍ക്ക് കിട്ടിയിരുന്നതും അവനായിരുന്നു ........
അതുകൊണ്ട് തന്നെ ചുരുങ്ങിയ ദിവസങ്ങള്‍ക്കിടയില്‍
ടീച്ചര്‍മാരുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ അവനു കഴിഞ്ഞിരുന്നു....
ഒന്‍പതാം ക്ലാസ്സില്‍ പടിക്കുമ്പോഴായിരുന്നു
അവന്‍റെ ജീവിതത്തില്‍ മായാത്ത മുറിവുകള്‍
സമ്മാനിച്ചുകൊണ്ട് വിധി ക്രൂരത കാട്ടിയത്...
കോരിച്ചൊരിയുന്ന മഴക്കാലദിവസത്തിലൊന്നില്‍ അവന്‍റെ
മനസ്സിനെ തീരാദു:ഖത്തിലാഴ്ത്തി
എന്നെന്നേക്കുമായി അമ്മ വിട പറഞ്ഞു....
ഇനിയോരിക്കാലും കാണാന്‍ കഴിയാത്തത്രയും ദൂരെ
നക്ഷത്രങ്ങളുടെ ലോകത്തേക്ക് യാത്രയായ
അമ്മയെയുമോര്‍ത്തു കരഞ്ഞുകൊണ്ടിരിക്കുന്ന
അവനെ മടിയിലിരുത്തി ആശ്വസിപ്പിക്കുന്ന
ടീച്ചര്‍മാരുടെ മുഖം എല്ലാ മഴയിലും അവന്‍റെ
ഓര്‍മ്മയിലൂടെ കടന്നുപോകാറുണ്ട്....
ഇപ്പോഴും ഏകാന്തമായ രാത്രികളില്‍ ചിലപ്പോഴെല്ലാം
പൂമുഖത്തെ ജനലഴികളില്‍ പിടിച്ചു
വിദൂരതയിലെക്കും നോക്കിയങ്ങിനെ നില്‍ക്കുമ്പോള്‍ ….
അങ്ങകലെ കൂരിരുട്ടിനുമപ്പുറത്തു കണ്ണുകള്‍ക്ക്‌
കാണാന്‍ കഴിയാത്ത ഒത്തിരി സംഭവങ്ങള്‍
മനസ്സിലൂടെ കാണാന്‍ ശ്രമിക്കും….
പിന്നെ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകള്‍ മനസ്സും മിഴികളും
ഈറനണിയിക്കാന്‍ തുടങ്ങും മുന്‍പേ…..….
ചിലപ്പോഴെല്ലാം സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശം പോലെ…..
ജനലഴികള്‍ക്കിടയിലൂടെ ഇരച്ചു കയറുന്ന തണുത്ത കാറ്റ്
അവന്‍റെ മുടിയിഴകളെ തഴുകി കടന്നുപോകുമ്പോള്‍
അവന്‍ അറിയുന്നു അവന്‍റെ അമ്മയുടെ നനുത്ത സാമിപ്യം….….
ബാല്യത്തില്‍ മടിയില്‍ കിടത്തി മുടിയിഴകളെ നനുത്ത വിരല്‍
കൊണ്ട് അരുമയായി തഴുകിയുറക്കുന്ന ആ പഴയ ഓര്‍മ്മ മതി…….
അവനു പിന്നെ എല്ലാം മറന്നൊന്നുറങ്ങാന്‍ …….

6 comments:

ampily said...

ithu swantham balyakala smaranakal anennu thonnunilla...enikku ariyavunna al enna nilayilanu ketoo jan ithu comment ayi paranje...sherialle...
valare nannyittund.....

mk kunnath said...

thanks for reading .............
and no comments for ur question.....!!
pinne enne engineyariyaam..........???

Anonymous said...

മനസ്സിന്റെ മണിവീണയുടെ തന്ത്രികളീല്‍ നനുത്ത ഒരു സ്പര്‍ശമുണ്ടായി-ഒരുശോകഗാനം കേട്ടതു പോലെ-മനസ്സു കൊണ്ടൊരു മടക്കയാത്രയും നടത്തി- ഒരു ഓര്‍മ്മ പുതുക്കല്‍, പക്ഷേ സംഭവങ്ങളുമായി ഒരു സാദൃശ്യവുമില്ല- നന്നായിരിയ്ക്കുന്നു, അഭിനന്ദനങ്ങള്‍!

mk kunnath said...

thanks for reading.............

Anonymous said...

ettaaaaaaaaaaaaaa...........its awesome.............there is a tinge of melancholy i feel
in ur poems etta.........its from the very bottom ur hear, a sense of longing.........kudos my ettaaa u have such a sweet poetic soul :)
all the very best ma bro.....your reminiscence abt ur childhood.oh its splendid ..........ettaaaaa.....let u reach the pinnacle of success......:)
hare krishnaaa...........

Anonymous said...

ettaaaaaaa........my eyes r moist by reading ur poem very touching etaa....u have incredible potential .....do kindle it ettaaaaaa...........its splendid.....keep goin ettaaaa....