Tuesday, February 17, 2009

മിഴിനീരിലലിഞ്ഞ സ്വപ്‌നങ്ങള്‍


പുറത്തു മഴ പെയ്തുകൊണ്ടേയിരിക്കുന്നു.
രാത്രിമഴയുടെ ശുദ്ധസംഗീതവും കേട്ട് പൂമുഖത്തെ
ജനലഴികളില്‍ പിടിച്ചു കൊണ്ട് കൂരിരുട്ടിലേക്ക്
നോക്കിയവന്‍ നിന്നു.
മുന്‍പ് രാത്രിമഴ അവന്‍റെ സ്വപ്നങ്ങളില്‍
മഴവില്ലിന്‍റെ മനോഹാരിത നല്‍കിയിരുന്നു.
അവന്‍റെ മനസ്സില്‍ പ്രതീക്ഷയുടെയും,
സന്തോഷത്തിന്‍റെയും കുളിര്‍മ്മ നിറച്ചുകൊണ്ടാണവള്‍
ഓരോ രാത്രിയിലും പെയ്തൊഴിഞ്ഞിരുന്നത്.
ഇന്ന് ഓരോ രാത്രിമഴയും അവന്‍റെ ഓര്‍മ്മകളെ
ചുട്ടുപോള്ളിച്ചുകൊണ്ടാണ് കടന്നു പോകുന്നത്.
പെയ്തൊഴിഞ്ഞ ഒരു മഴകാലത്തിന്‍റെ
നഷ്ടസുഗന്ധവും പേറികൊണ്ട്, പ്രണയാര്‍ദ്രമായ
നല്ല നാളുകളുടെ ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍
മായാതെ നില്‍ക്കുന്നതും അതുകൊണ്ട് തന്നെയാവാം.

ഓര്‍മ്മകള്‍ വീണ്ടും മാറാലകളെ പോലെ
മനസ്സില്‍ പടരുകയാണ്! ഒരിക്കല്‍ തന്‍റെ
പ്രണയിനിയോടവന്‍ പറഞ്ഞു. കളങ്കമില്ലാത്ത
പ്രണയത്തിന്‍റെ നിറം നീലയായിരിക്കും….!!
അവള്‍ ചോദ്യഭാവത്തില്‍ അവനെ നോക്കി.
“തിരയടിക്കുന്ന മഹാസമുദ്രത്തിന്‍റെ നിറവും,
സീമയില്ലാത്ത ആകാശത്തിന്‍റെ നിറവും നീലയാണ്!!!
എന്‍റെയും നിന്‍റെയും ഇഷ്ടനിറവും നീലയാണ്.
അവസാനമില്ലാതെന്തിനും നിറം നീലയല്ലേ.....??
അപ്പോള്‍ പിന്നെ പ്രണയത്തിന്‍റെ നിറവും നീലയാവില്ലേ??”
മനസ്സില്‍ എപ്പോഴും കുളിര്‍മ്മ നിറയ്ക്കുന്ന നനുത്ത
ചോദ്യങ്ങള്‍ അവള്‍ക്കിഷ്ടമായിരുന്നു. ആ ഇഷ്ടമായിരുന്നു
എന്‍റെ സ്വപ്നവും പ്രതീക്ഷയും.
ആരുമില്ലാത്ത നേരത്ത് അവളുടെ ചെവി എന്‍റെ ചുണ്ടോടു
ചേര്‍ത്തു ഞാന്‍ ചോദിക്കും. എന്‍റെ മനസ്സിന്‍റെ
ഊഷരഭൂമിയില്‍ നിന്‍റെ പ്രണയത്തിന്‍ മഴതുള്ളികളേറ്റ്
എന്നിലെ സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയുടെ ചിറകു
മുളച്ചതെന്നായിരുന്നു…..?
പിന്നെ ഇലകൊഴിയും ശിശിരങ്ങളില്‍ പോലും നമ്മുടെ
പ്രണയത്തില്‍ വസന്തത്തിന്‍റെ മനോഹാരിതയും സുഗന്ധവും
മായാതെ നില്‍ക്കുന്നതെന്തിനായിരുന്നു……?
ഇപ്പോള്‍ ഈ ചുട്ടുപൊള്ളുന്ന മീനമാസത്തിലും നമ്മുടെ
മനസ്സുകള്‍ തുലാവര്‍ഷത്തില്‍ നനഞ്ഞു കുതിര്‍ന്ന
ഭൂമിയെപോലെ തണുത്തുറയുന്നതെന്തിനായിരിക്കും?
ഒന്നും പറയാതെ കണ്ണുകളില്‍ നോക്കിയിരിക്കുന്ന
അവളുടെ അധരങ്ങളില്‍ വിരിയുന്ന നനുത്ത
പുഞ്ചിരിയില്‍ കാര്‍മേഘങ്ങളില്ലാത്ത ആകാശത്തില്‍
മിന്നിതിളങ്ങുന്ന നക്ഷത്രങ്ങളായിരുന്നു ഞാന്‍ കണ്ടത്.
നിഷ്കളങ്കമായ ഹൃദയത്തില്‍ നിന്നും ഉറവയെടുക്കുന്ന
ആ നനുത്ത പുഞ്ചിരിയെയാണല്ലോ ഞാന്‍ ആദ്യം
പ്രണയിച്ചതും.
അവള്‍ അങ്ങിനെയായിരുന്നു ഒന്നും തുറന്നു പറയാറില്ല.
മനസ്സില്‍നിന്നുതിരുന്ന പ്രണയഭാവങ്ങള്‍ മൌനത്തിന്‍റെ
ചെറുപുഞ്ചിരിയിലൊതുക്കി നില്‍ക്കും.
അവള്‍ രാത്രിമഴയുടെ മധുരസംഗീതം പോലെയായിരുന്നു.
മൃദുവായി പൊഴിഞ്ഞു കൊണ്ടേയിരിക്കും
കാതിനും മനസ്സിനും കുളിര്‍മ്മ നിറച്ചുകൊണ്ട്!
എന്നാല്‍ ഞാന്‍ തുലാവര്‍ഷത്തിലെ പേമാരിയായിരുന്നു.
എല്ലാ ഭാവങ്ങളും അതെ തീവ്രതയില്‍ പകരാനാണ്
ഞാന്‍ കൊതിച്ചിരുന്നത്‌.
നനുത്ത കൈവിരലാല്‍ നീയെന്‍റെ മുടിയിഴകളെ
മാടിയൊതുക്കുമ്പോള്‍ നിന്‍റെ സ്നേഹം മുഴുവന്‍
മുടിയിഴകളിലൂടെ എന്‍റെ ഹൃദയത്തെ തൊട്ടുണര്‍ത്തുന്നതും,
അസ്തമയസൂര്യന്‍ നീലിമയാര്‍ന്ന സാഗരത്തില്‍ അലിഞ്ഞു
ചേരുമ്പോള്‍ നിന്‍റെ കണ്ണില്‍ തെളിയുന്ന വ്യാകുലത
എന്‍റെ ഹൃദയത്തില്‍ തീയായി പടരുന്നതും,
എല്ലാം ഇന്നലെയെന്നതു പോലെ മനസ്സില്‍ തെളിയുന്നു.
എന്നിട്ടും ഒരു വാക്കു പോലും പറയാതെ എല്ലാം
ഉള്ളിലൊതുക്കി നീ വിട പറയുമായിരുന്നു.
നിന്‍റെ മിഴികളിലപ്പോഴും വിരഹത്തിന്‍റെ നേര്‍ത്ത
അശ്രുകണങ്ങള്‍ തുളുമ്പാന്‍ കൊതിക്കുന്നത് ഞാനറിഞ്ഞിട്ടും,
അറിയില്ലെന്ന് നടിച്ചതും നിനക്കറിയാമായിരുന്നു!!!
എത്രയോ തവണ ആ മിഴികളില്‍ വിരിയുന്ന ഭാവങ്ങള്‍
നിന്‍റെ നാവിന്‍തുമ്പില്‍ നിന്നും കേള്‍ക്കാന്‍
ഞാന്‍ കൊതിച്ചിരുന്നു. എന്നിട്ടും ഒന്നും പറയാതെ എല്ലാം
ഉള്ളിലൊതുക്കി നീ നടന്നു.
ഒടുവിലൊരു‍ നാള്‍ വിടപറയാന്‍ നേരം
എന്‍റെ കൈ പിടിച്ചു നെഞ്ചോടമര്‍ത്തികൊണ്ട്,
മാഞ്ഞു പോകുന്ന അസ്തമയസൂര്യനെ സാക്ഷിയാക്കി
നീ പറഞ്ഞു.
"നീയെന്‍റെ സ്വപ്നമാണ്,
നീയില്ലെങ്കില്‍ പിന്നെ ഈ ഞാനില്ല,
നിന്നെ പിരിയുകയെന്നാല്‍ അതെന്‍റെ മൃതിയാണ്‌”
ഒറ്റശ്വാസത്തിലായിരുന്നു നീയത് പറഞ്ഞു തീര്‍ത്തത്.
ഒളിച്ചു വെച്ച സ്നേഹത്തിന്‍റെ എല്ലാ ഭാവങ്ങളും
അവളില്‍ നിന്നുതിര്‍ന്ന വാക്കുകളിലുണ്ടായിരുന്നു.
ആദ്യമായി അവളിലെ പ്രണയത്തിന്‍റെ തീവ്രത
ഞാന്‍ അനുഭവിച്ചതും അന്നായിരുന്നു. അത്രയും നാള്‍
പ്രണയാര്‍ദ്രമായ ഒരു വാക്ക് അവളുടെ നാവിന്‍തുമ്പില്‍
നിന്നും കേള്‍ക്കാന്‍ ഞാന്‍ എത്രയോ കൊതിച്ചിരുന്നു.
മെല്ലെ അവളുടെ മിഴിയില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന
കണ്ണീര്‍തുള്ളികള്‍ കൈവിരലാല്‍ തുടച്ചുകൊണ്ട്
ഞാന്‍ പറഞ്ഞു.
“നമുക്കിടയില്‍ നീയും ഞാനുമില്ലല്ലോ,
നമ്മള്‍ മാത്രമല്ലേയുള്ളൂ. നിന്‍റെ മൃതിയും
ന്‍റെ മൃതിയും അങ്ങിനെയൊന്നുണ്ടോ??
അതും നമ്മുടെ മൃതിയല്ലേ………??
മരണത്തില്‍ പോലും നമ്മളൊന്നായിരിക്കും.”
എന്‍റെ വാക്കുകള്‍ അവളുടെ ഹൃദയത്തില്‍ ഒരു
വേനല്‍മഴയുടെ കുളിര്‍മ്മയുമായി പെയ്തിറങ്ങിയതും,
അവളുടെ മിഴികള്‍ രണ്ടു മിന്നാമിന്നികളെ പോലെ
തിളങ്ങുന്നതും ഇന്നും ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നു.
പിന്നീടുള്ള ഓരോ ദിവസവും കൊഴിഞ്ഞുപോയത്
എത്ര പെട്ടെന്നായിരുന്നു. ഞാന്‍ ഒരിടത്തു പോകുന്നതും
നിനക്കിഷ്ടമില്ലായിരുന്നു. എന്നും നീയായിരുന്നു
ആ അമ്പലമുറ്റത്ത്‌ ആദ്യമെത്തിയിരുന്നതും.
പലപ്പോഴും ഞാനും എന്‍റെ മറ്റുകാര്യങ്ങള്‍ മറന്നിരുന്നതും
ആ സന്ധ്യകള്‍ക്ക് വേണ്ടിയായിരുന്നു.
വൈകുന്നേരങ്ങള്‍ക്ക്‌ നീളം കുറഞ്ഞു വരികയാണെന്ന്
പലപ്പോഴും നീ പരിഭവം പറയുമായിരുന്നു.
നിന്‍റെ മിഴികളില്‍ വേദനയുടെ നിഴലാട്ടം കാണുമ്പോള്‍
എന്‍റെ ഹൃദയം പിടയുന്നത് നീയറിഞ്ഞിരുന്നുവോ?
ദിവസങ്ങള്‍ കടിഞ്ഞാണില്ലാത്ത കുതിരയെപോലെ
പായുന്നതിനിടയിലൊരുനാള്‍.......
എന്നത്തേയും പോലെ നീ ആ അമ്പലമുറ്റത്ത്‌
എന്നെയും കാത്തു നിന്നിരുന്നു. അന്നു ഞാന്‍
ഒത്തിരി വൈകിയെത്തിയിട്ടും നിന്‍റെ മിഴികളില്‍
എന്നോട് തെല്ലും പരിഭവമുണ്ടായിരുന്നില്ല.
മറിച്ച് മറ്റെന്തോ ഓര്‍ത്തു നീ സങ്കടപെടുന്നത് ഞാനറിഞ്ഞു.
എപ്പോഴും കണ്ണില്‍ കണ്ണില്‍ നോക്കി സംസാരിച്ചിരുന്ന നീ
അന്നുമാത്രം വിദൂരതയിലേക്ക് നോക്കിയിരുന്നു.
ഒന്നും മിണ്ടാതെ!!
ശിരസ്സുയര്‍ത്താനാവാതെ നിന്ന നിന്‍റെ മുഖം
എന്‍റെ കൈകളിലൊതുക്കി ഞാന്‍ ചോദിച്ചു
“എന്തിനാണ് ഇത്രയും സങ്കടപെടുന്നത്?”
എന്നെ തളര്‍ത്തുന്ന നിന്‍റെ മിഴികളില്‍ അപ്പോഴും
വേദനയുടെ കുഞ്ഞോളങ്ങള്‍ അലയടിക്കുന്നുണ്ടായിരുന്നു.
പതിഞ്ഞ ശബ്ദത്തില്‍ നീയെന്നോട്‌ പറഞ്ഞു.
ആ യാത്രയെക്കുറിച്ച്..........
എത്രയും പെട്ടെന്ന് ഞാന്‍ മടങ്ങിവരും.
കാരണം എന്‍റെ ഹൃദയം അതു ഞാനീ നടയില്‍
വെച്ചിട്ടാണ് പോകുന്നത്. പിന്നെയും എന്തൊക്കെയോ
നീ പറഞ്ഞിരുന്നു. ഒരുപക്ഷെ ഉള്ളില്‍ നിറയുന്ന നൊമ്പരം
ഞാനെന്‍റെ പുഞ്ചിരിയാല്‍ മറക്കാന്‍ ശ്രമിച്ചത്
കൊണ്ടായിരിക്കാം, മറ്റൊന്നും കേള്‍ക്കാതെ പോയത്.
കാരണം എന്‍റെ വിഷമത്തെക്കാള്‍ എന്നെ വേദനിപ്പിക്കുന്നത്
നിന്‍റെ വിഷമമായിരുന്നല്ലോ!!!
അന്നു നീ യാത്ര പറഞ്ഞു പോയതാണ്.
ഉടനെ മടങ്ങിവേരുമെന്നും പറഞ്ഞുകൊണ്ട്...!!
അതിനു ശേഷം നീ എന്നെയും
ഞാന്‍ നിന്നെയും കണ്ടിട്ടില്ലല്ലോ.
ഇന്നെന്‍റെ ഹൃദയം നിന്നെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു.
മറവിയെന്ന അനുഗ്രഹം പോലും എന്നെ
വിട്ടുപിരിഞ്ഞിരിക്കുന്നു.
വിരഹമുണര്‍ത്തുന്ന ഇന്നലെകളിലൂടെ ഞാനിന്നും
അലയുകയാണ്.
അറിയുന്നു ഞാന്‍.....
ഇന്നു നിനക്കും എനിക്കുമിടയില്‍
അനന്തമായ അകലമാണെന്ന്!
ഇന്ന് നിന്നെ കുറിച്ചോര്‍ത്തു മിഴികള്‍ നിറക്കുവാന്‍ പോലും
എന്‍റെ കണ്ണുകള്‍ക്കു കഴിയുന്നില്ലല്ലോ…
എന്‍റെ സ്നേഹം……..!!
അതെല്ലാം ഉപേക്ഷിച്ചു നീ പോയതെങ്ങോട്ടായിരുന്നു?
ഒരു യാത്ര പോലും പറയാതെ നക്ഷത്രങ്ങളുടെ
ലോകത്തിലേക്ക്‌ യാത്രയായ നിന്നെയുമോര്‍ത്ത്
ഞാനിവിടെ തനിയെ ഇരിക്കുന്നു.
ഋതുഭേതങ്ങറിളയാതെ…
ഓര്‍മ്മകളിലെപ്പോഴും നീ പറഞ്ഞ വാക്കുകളാണ്
പ്രതിധ്വനിക്കുന്നത്.....
“നിന്നെ കണ്ടില്ലായിരുന്നെന്കില്‍..... നിന്‍റെ ഇഷ്ടം
എന്‍റെ ഹൃദയത്തെ തൊട്ടുണര്‍ത്തിയില്ലായിരുന്നുവെങ്കില്‍.....
അനന്തകോടി നക്ഷത്രങ്ങള്‍ക്കിടയിലെ ഒരു കൊച്ചു
നക്ഷത്രമാവാനായിരുന്നു എന്‍റെ മോഹം"
നിന്‍റെ മോഹങ്ങള്‍ അതു തെല്ലെങ്കിലും പൂവണിഞ്ഞു.
അതെന്‍റെ മോഹങ്ങള്‍ക്ക് മീതെ
ചിതയൊരുക്കിയിട്ടാണെങ്കില്‍ പോലും..........!!
ഇപ്പോള്‍ ഞാനീ ഇരുട്ടില്‍ അലയുന്നത് അങ്ങകലെയിരുന്നു
നീ കാണുന്നുണ്ടാവും.
അനേകകോടി നക്ഷത്രങ്ങളിലൊരുവളായി
കാറില്ലാത്ത ആകാശത്ത് നക്ഷത്രമായ് നീ ചിരിക്കുമ്പോള്‍
നീ അറിയുന്നില്ലല്ലോ ചിതല്‍ പാതി തിന്നോരീ
ആത്മാവും പേറി ഞാനിവിടെ തനിച്ചാണെന്ന്..!!

Friday, February 13, 2009

പ്രണയദിനാശംസകള്‍...


പ്രണയം സുഖമുള്ള ഒരു അനുഭവമാണ്……
ക്ഷണിക്കപ്പെടാത്ത അതിഥിയെപോലെ എപ്പോള്‍
വേണമെങ്കിലും മനുഷ്യ മനസ്സുകളിലേക്ക്
ഒരു കുളിര്‍മഴ പോലെ അവള്‍ പെയ്തിറങ്ങാം…..
അവളുടെ ലോകത്തില്‍ രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ല,…..
പരിധികള്‍ക്കോ പരിമിതികള്‍ക്കോ അവളുടെ മുന്നില്‍ തടസ്സങ്ങള്‍
സൃഷ്ടിക്കാനും കഴിയുകയുമില്ല…….
ഏതു തടസ്സങ്ങളും അവളുടെ മുന്നില്‍ നിസ്സാരങ്ങളുമാണ്...
കളങ്കമില്ലാത്ത പ്രണയത്തിനു മഴതുള്ളികളെക്കാള്‍
സുതാര്യതയുണ്ടായിരിക്കും………..
അവിടെ പരസ്പരം സ്നേഹിക്കുക എന്ന ഒരൊറ്റ വികാരമേ
പ്രണയിതാക്കളുടെ മനസ്സില്‍ തുളുമ്പി നില്‍ക്കാറുള്ളൂ…..
ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ആരുമുണ്ടാവില്ല……!!
അത് പോലെ കൊതി തീരെ പ്രണയിച്ചവരും.....!!
അതുകൊണ്ടു തന്നെയാവാം പ്രണയം എന്നും മനുഷ്യ മനസ്സുകളില്‍
തേന്‍മഴയായി പെയ്തിറങ്ങുന്നതും.....!!
അതുപോലെ ഒരിക്കലെങ്കിലും പ്രണയിക്കാനും
പ്രണയിക്കപ്പെടാനും കൊതിക്കാത്തവരുമുണ്ടാവില്ല .......!!
മനസ്സിന്‍റെ അടിത്തട്ടില്‍ പ്രണയമെന്ന വികാരം ഒളിപ്പിച്ചു
നടക്കുന്ന എത്രയോ സുഹൃത്തുക്കള്‍ നമ്മുക്കിടയിലുണ്ട്…..
ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ലാതെ.....!!!
എന്നിട്ടും പറയാനുള്ളത് പറയാന്‍ കഴിയാതെ
മനസ്സിനുള്ളില്‍ സ്വയമെരിഞ്ഞു പോയ എത്രയോ പ്രണയങ്ങള്‍
കണ്മുന്നില്‍ കണ്ടിരിക്കുന്നു.....!!
മനുഷ്യനെ മറ്റുള്ള ജീവികളില്‍ നിന്നും വേര്‍തിരിക്കുന്നതും
ഇങ്ങിനെയുള്ള ചില കഴിവുകളുള്ളതു കൊണ്ടാണല്ലോ…
പ്രണയിക്കാനും,സ്നേഹിക്കാനും, കാര്യങ്ങളെ
സൂക്ഷ്മതയോടെ വിവേചിച്ചറിയാനും,
ആശയസംവേദനം നടത്തുവാനുമൊക്കെയുള്ള കഴിവുകളാണ്
അവനെ മറ്റുള്ള ജീവികളില്‍ നിന്നും വേര്‍തിരിക്കുന്നത്……
അതിനാല്‍ പ്രണയത്തിന്‍റെ മാധുര്യം
നുകര്‍ന്നവര്‍ക്കും,നുകരാന്‍ കൊതിക്കുന്നവര്‍ക്കും,
കൈപ്പുനീര്‍ കുടിച്ചവര്‍ക്കും.......
ഇനി കുടിക്കാനിരിക്കുന്നവര്‍ക്കും
ഒരു ഓര്‍മ്മപുതുക്കലാവട്ടെ ഓരോ പ്രണയദിനവും….
ഒരിക്കലും പ്രണയിക്കപെടാതിരിക്കുന്നതിനേക്കാള്‍
എത്രയോ നല്ലതാണ്
ഒരിക്കലെങ്കിലും പ്രണയിച്ചു അതു നഷ്ടപെടുന്നത്….!!
സുഖമുള്ള ഒരു വേദനയായി എന്നും അതു
നമ്മുടെ മനസ്സിനെ നീറ്റിക്കൊണ്ടിരിക്കുമല്ലോ.........
നമ്മളെല്ലാം ഒരു പിടി മണ്ണായി തീരുന്നതുവരെയെങ്കിലും....!!
എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ പ്രണയദിനാശംസകള്‍...

Saturday, January 24, 2009

ബാല്യകാലസ്മരണകള്‍

ഓര്‍മ്മകളുടെ മൂടല്‍മഞ്ഞിനുമപ്പുറം
ഇന്നലെയെന്നതുപോലെ മനസ്സിന്‍റെയുള്ളില്‍ തെളിഞ്ഞു
വരുന്ന ഒത്തിരി ബാല്യകാല സ്മരണകളുണ്ട്…..
ഇന്നിന്‍റെ യാഥാര്‍ത്ഥയ്‌ത്തില്‍ നിന്നും
ഇന്നലകളിലെ ഓര്‍മ്മകളിലേക്കവന്‍ ഒരു
തീര്‍ത്ഥയാത്ര പോകുമ്പോള്‍ ഒത്തിരി കുസൃതികളും,
പാതി കരിഞ്ഞുപോയ സ്വപ്നങ്ങളും,
വേര്‍പാടിന്റെ വേദനയും,സന്തോഷവും,
ദുഖവുമെല്ലാം അതിലുണ്ട്.....
ബാല്യത്തില്‍….
കൂരിരുട്ടത്ത് പുഞ്ചിരിക്കുന്ന നക്ഷത്രങ്ങളെ നോക്കി
നില്‍ക്കാന്‍ കൊതിയായിരുന്നു അവന്.........
കാരണം അവയുടെ പുഞ്ചിരിയില്‍ മയങ്ങി നില്‍ക്കുമ്പോള്‍
സമയവും കാലവുമെല്ലാം മറന്നങ്ങിനെ നില്‍ക്കാമല്ലോ.....
മഞ്ഞുപെയ്യുന്ന രാത്രികളില്‍ നടുമുറ്റത്തെ
തുളസിത്തറയില്‍ ചാരിയിരുന്നു ആകാശത്തേക്ക്
നോക്കിയങ്ങിനെയിരിക്കും തനിയെ…..
പടിഞ്ഞാറെ മുറ്റത്തെ നല്ലമാവിന്റെ ഇലകളില്‍ നിന്നും
വലിയ മഞ്ഞുത്തുള്ളികള്‍ കരിയിലകളില്‍ വീണു
ചിതറുമ്പോഴുണ്ടാകുന്ന ശബ്ദം എപ്പോഴും
മനസ്സിനൊരു സുഖമുള്ള അനുഭവമായിരുന്നു…..
കുറെ നേരം രാത്രിയുടെ സൗന്ദര്യത്തില്‍ മയങ്ങിയവനിരിക്കും,
ഒടുവില്‍ അത്താഴം കഴിക്കാന്‍ നേരത്താവും
അവനെയുമന്വേഷിച്ചു അമ്മ മുറ്റത്തോട്ടിറങ്ങുക.......
അമ്മക്കറിയാം രാത്രിയായാല്‍ വീടിനു
ചുറ്റുവട്ടത്ത് എവിടേലും അവനിരിക്കുന്നുണ്ടാവുമെന്നു...
പിന്നെ വഴക്ക് പറഞ്ഞുകൊണ്ട് അമ്മ പുറത്തേക്കു വരും…
ഈശ്വരാ ഇവന്‍റെ ഈ ഭ്രാന്ത് എന്നെങ്കിലും മാറുമോ??
അമ്മ ഇങ്ങിനെ ആത്മഗതം ചെയ്യുന്നത് എത്രയോതവണ
അവന്‍ കേട്ടിരിക്കുന്നു......
പിന്നെ ബലമായി കൈപിടിച്ചു വീട്ടിനകത്തേക്ക് കൊണ്ടുപോകും
ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ അമ്മയോട് ചോദിക്കും
“അമ്മേ എന്തിനാ നക്ഷത്രങ്ങള്‍ നമ്മളെ നോക്കി ചിരിക്കുന്നത്??
അവയ്ക്ക് ജീവനുണ്ടോ???”
സംശയമായിരുന്നു മനസ്സിലെപ്പോഴും.........
അതൊക്കെ മരിച്ചു പോയവരെല്ലാം
നക്ഷത്രങ്ങളായി പുനര്‍ജ്ജനിക്കുന്നതാണ് കുട്ടാ.....
അമ്മ അലസമായിട്ടു പറയും……..
“അപ്പൊ പിന്നെ മരിച്ചാലും കുഴപ്പമില്ലല്ലേ അമ്മേ....??”
അവന്‍റെ ഓരോ അര്‍ത്ഥമില്ലാത്ത ചോദ്യങ്ങള്‍
കേള്‍ക്കുമ്പോള്‍ അമ്മ പതിയെ തലയ്ക്കു
കൈകൊടുത്തിട്ടു പറയും…..
വളരുന്തോറും കുട്ട്യോള്‍ടെ ബുദ്ധി കീഴ്പോട്ടാണോ
എന്‍റെ കൃഷ്ണാ…!!!!
അതോ നീ അഭിനയിക്കുവാണോടാ …..
പിന്നെ ചോറ് കൊണ്ടുവന്നു മുന്നില്‍ വെച്ചിട്ട്
വേഗം കഴിക്കാന്‍ പറയും.......
അമ്മ വാരിതന്നാല്‍ മതി ഞാന്‍ വാശി പിടിക്കും…….
“അയ്യേ...!!! ഇത്ര വലിയ ചെക്കനായിട്ടും
ഇപ്പോഴും വാരികൊടുക്കണം. കഷ്ടം…….!!!
നോക്കെടാ നിന്‍റെ അനിയത്തി തനിയെ ഭക്ഷണം
കഴിച്ചു പോയി കിടക്കുന്നത് നീ കാണുന്നില്ലേ…”
അപ്പോള്‍ അവനിലെ ചേട്ടന്‍റെ ഗര്‍വ്വ് ഉടനടി പറയും
"അമ്മേ..... മോന്‍റെ നഖത്തിനിടയില്‍ നിറച്ചും
അഴുക്കായതു കൊണ്ടല്ലേ…….??
നാളെ മുതല്‍ ഞാന്‍ തനിയെ കഴിച്ചോളാം...."
"അതേടാ .... ഇതു നീയെന്നും പറയാറുള്ളതല്ലേ …..
എത്ര വളര്‍ന്നാലും ചെക്കനു കൊഞ്ചലിനൊരു കുറവുമില്ല..."
ഭക്ഷണം കഴിഞ്ഞു കിടക്കാന്‍ നേരം ചെറിയൊരു
വഴക്കുണ്ട് അനിയത്തിയുമായി…..
അച്ഛന്‍റെയുമമ്മയുടെയുമിടയില്‍ കിടന്നുറങ്ങാന്‍…
എല്ലായ്പ്പോഴും അവന്‍ തന്നെയാണതില്‍ വിജയിക്കാറും…
ഉറങ്ങുന്നതു വരെ അവന്‍റെ മനസ്സില്‍ പലപല ചിന്തകളാണ്.....
പുഞ്ചിരിക്കുന്ന നക്ഷത്രങ്ങളും, നിലാവ് പൊഴിക്കുന്ന ചന്ദ്രനും,
മഞ്ഞുപൊഴിയുന്ന രാത്രിയുമെല്ലാം അവനൊരു വിസ്മയമായിരുന്നു....
അങ്ങിനെ ഓരോ കാര്യങ്ങള്‍ മനസ്സിലൂടെ
കടന്നു പോകുന്നതിനിടയില്‍ അവനും നിദ്രയിലേക്ക് വീഴും...
ബാല്യത്തില്‍ വലിയ കുസൃതിയായിരുന്നു അവന്‍ .....
എത്ര കുറുമ്പ് കാണിച്ചാലും അവനെ
അമ്മ വഴക്ക് പറയാന്‍ മടിച്ചിരുന്നു....
അഥവാ വഴക്ക് പറഞ്ഞാല്‍ തന്നെ
അവന്റെയരികില്‍ വന്നു അമ്മ സമാധാനിപ്പിക്കും…..
അന്ന് വീട്ടിലോട്ടു വരാന്‍ വൈകിയാല്‍
അമ്മക്ക് ആധിയായിരുന്നു.......
പിന്നെ ഓരോ സ്ഥലങ്ങളിലും അന്വേഷിച്ചു നടക്കും....
അതെന്തിനാണെന്ന് അന്ന് അവനു മനസ്സിലായിരുന്നില്ല……..
വേറെ ആരെ വഴക്ക് പറഞ്ഞാലും
അമ്മ അങ്ങിനെ ചെയ്യാറില്ലായിരുന്നു….
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് അവന്‍ അതിന്‍റെ
രഹസ്യം മനസ്സിലാക്കിയത് ......
അതും അവന്‍റെ കുഞ്ഞനിയത്തി പറഞ്ഞിട്ട്......!!!!
കാരണം അവന്‍റെ ജാതകപ്രകാരം പതിനാറു വയസ്സുവരെ
നാട് വിട്ടു പോകാന്‍ സാധ്യതയുണ്ടായിരുന്നുവെന്ന്.........!!!
അമ്മയുടെ മനസ്സില്‍ എപ്പോഴും ആ പേടിയായിരുന്നുവെത്രേ…..!!!
അതുകൊണ്ടായിരുന്നു അമ്മ മറ്റുള്ളവരേക്കാള്‍ കൂടുതല്‍
അവനെ ശ്രദ്ധിച്ചിരുന്നത്…..
ബാല്യത്തിലെ ഏറ്റവും ഓമനിക്കുന്ന നിമിഷം
ഏതെന്ന് ചോദിച്ചാല്‍ അവന്‍ പറയും.....
അച്ഛന്‍റെ മുതുകില്‍ കയറിയിരുന്നു കോരിച്ചൊരിയുന്ന
മഴയത്ത് ആദ്യമായി സ്കൂളിലേക്ക് പോയത്.....
നനഞ്ഞൊട്ടിയ വസ്ത്രങ്ങളും, തണുത്തു വിറയ്ക്കുന്ന
ശരീരവുമായി,അച്ഛന്‍ വാങ്ങിതന്ന പഞ്ഞിമിട്ടായിയും
കയ്യില്‍ പിടിച്ചു ആദ്യമായി ക്ലാസ്സില്‍ കയറിയ നിമിഷം.....
പതിയെ ഒരു ബെഞ്ചിന്‍റെ അറ്റത്തു അവനിരുന്നു...
ഇടയ്ക്കിടെ തിരിഞ്ഞു അച്ഛനെ നോക്കി കൊണ്ടിരിക്കും
അച്ഛനവിടെ തന്നെയുണ്ടോയെന്ന്.....
കുറെ കഴിഞ്ഞു നോക്കുമ്പോള്‍ തന്നോടൊന്നും
മിണ്ടാതെ ദൂരേക്ക് പോയിക്കൊണ്ടിരിക്കുന്ന
അച്ഛനെയാണ് കണ്ടത്........
അപരിചിതമായ സ്ഥലത്ത് ഒറ്റപെട്ടതുപോലെ പോലെ തോന്നി......
പിന്നെ അവന്‍ ഒന്നും ആലോചിച്ചില്ല.......
അച്ഛന്‍ പോയ അതെ വഴിയിലൂടെ ആരുടേയും
അനുവാദത്തിനു കാത്തുനില്‍ക്കാതെ ആ മഴയത്തവന്‍ ‍ഓടി......
പിന്നെ എന്തോ തോന്നി അച്ഛനും തിരിച്ചുകൊണ്ടു
വന്നു ക്ലാസ്സിലിരുത്തിയില്ല.......
അന്നതൊരു വലിയ സാഹസമായിരുന്നെങ്കിലും
പിന്തിരിഞ്ഞു നോക്കുമ്പോള്‍ ഒരു കൊച്ചു
വള്ളിനിക്കറുകാരന്‍ ക്ലാസ്സില്‍ നിന്നും ജീവനും
കൊണ്ടോടുന്ന കാഴ്ച ഇപ്പോഴും മനസ്സില്‍ നിന്ന്
മായാതെ നില്‍ക്കുന്നു ഒപ്പം ചെറിയൊരു തമാശയും
ആ ദിവസങ്ങള്‍ക്കിടയിലെന്നോ ആണ്..
അമ്മൂമ്മ ഈ ലോകത്തോട്‌ വിട പറയുന്നത്.
വീട്ടില്‍ എല്ലാവരുടെയും കണ്ണില്‍ നിന്ന്
കണ്ണീര്‍ ചാലുകള്‍ ഒഴുകുന്നത്‌ ഇപ്പോഴും ഓര്‍മയിലുണ്ട്….
അപ്പോഴും അവനു വിഷമം തോന്നിയത്
അമ്മയും,അമ്മായിയും,ചേച്ചിയുമൊക്കെ കരയുന്നത് കണ്ടിട്ടാണ്...
അന്നവനറിയില്ലായിരുന്നു എന്തിനാണവര്‍
വെള്ളത്തുണിയാല്‍ അമ്മൂമ്മയെ പുതപ്പിച്ചു
അതിനരികിലിരുന്നു ഇത്രക്കും കരയുന്നതെന്ന്.......?
അപ്പോഴും അവന്‍റെ കണ്ണുകള്‍ ആഹ്ളാദത്തിന്റെ
നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് മുറ്റത്തുയര്‍ന്ന
പന്തലിലെക്കായിരുന്നു......
അവനറിയാം പന്തലിട്ടു കഴിഞ്ഞാല്‍ ഇനി
ഒത്തിരി ആളുകള്‍ വീട്ടില്‍ വരും.
സമപ്രായക്കാരായ അവരുടെ കുട്ടികളും....….
പിന്നെ അവരുമൊത്ത് കളിക്കാനുള്ള തിടുക്കമായിരുന്നു ….
അന്നത്തെ ആ സംഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ ഇന്നും
അവന്‍റെ മനസ്സില്‍ സ്വയമൊരു വെറുപ്പ്‌ തോന്നാറുണ്ട് ........
ഒരു മനുഷ്യനും തോന്നാത്ത ചിന്തകളായിരുന്നില്ലേ തനിക്കന്ന്…..??
പിന്നെ സ്വയം ആശ്വസിക്കും ബുദ്ധിയുറക്കാത്തവന്‍റെ
ചാപല്യമായിരുന്നില്ലേ അതെന്നു.....!!!!
ഋതുക്കള്‍ മാറുന്നതോടൊപ്പം,………
അവന്‍റെ ചിന്തകളിലും മാറ്റങ്ങളുണ്ടായിക്കൊണ്ടിരുന്നു……….
ഇതിനിടയില്‍ ഒരുപാടു ദിവസങ്ങള്‍ അച്ചനെയുമമ്മയെയും
പിരിഞ്ഞിരിക്കേണ്ടി വന്നിട്ടുണ്ടായിരുന്നു......
കാരണം,ആ ദിവസങ്ങളില്‍ വീടിനേക്കാള്‍ കൂടുതല്‍
അച്ഛനുമമ്മയും ഉറങ്ങിയിട്ടുള്ളത് ആശുപത്രിയിലായിരുന്നു
അച്ഛന്‍റെ അസുഖത്തിന് വലിയ കുറവൊന്നുമുണ്ടായിരുന്നില്ല…..
ഇടയ്ക്കു അസുഖം കുറഞ്ഞാല്‍ വീട്ടിലോട്ടു വരും
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍
പിന്നെയും തിരിച്ചു ആശുപത്രിയിലോട്ടു....
അച്ഛനെ ശുശ്രൂഷിക്കാന്‍ വേറെയാരും ഇല്ലാത്തതിനാല്‍
അമ്മയുടെ അസുഖം ആരേയുമറിയിക്കാതെ അമ്മ മറച്ചുവെച്ചു ...
പിന്നെ ചികില്‍സിച്ചിട്ടും കാര്യമില്ലാത്ത സമയമായപ്പോള്‍
അമ്മയും ആശുപത്രിയിലായി........
മുന്‍പ് ആശുപത്രിയില്‍ പോകാന്‍ പേടിയായിരുന്നു അവന്‍….
അവിടെ ചെന്നാല്‍ മരുന്നുകളുടെ മനം മടുപ്പിക്കുന്ന
ഗന്ധവും,മരണത്തിന്‍റെ തണുപ്പ് നിറഞ്ഞ സാനിദ്ധ്യവും
എപ്പോഴും അനുഭവപ്പെടുമായിരുന്നു…..
പിന്നെ പിന്നെ ആശുപത്രിയിലെ മരണത്തിന്‍റെ തണുപ്പും
മരുന്നിന്‍റെ വെറുപ്പുളവാക്കുന്ന ഗന്ധവുമൊന്നും
അവന്‍റെ കുഞ്ഞുമനസ്സിന്നു വലിയ ബുദ്ധിമുട്ടായി തോന്നിയിരുന്നില്ല.....
കാരണം അവന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന അമ്മ
അവിടെ കിടക്കുമ്പോള്‍ മറ്റൊന്നിനും
അവനെ മടുപ്പിക്കാനാവുമായിരുന്നില്ല.....
പിന്നെ ആദ്യമായി ഹൈസ്കൂളിന്റെ പടികയറി.....
കുറച്ചു ദിവസങ്ങള്‍ കൊണ്ട് തന്നെ അധ്യാപികമാരുടെ
സ്നേഹം ഒത്തിരി അനുഭവിക്കാന്‍ കഴിഞ്ഞു.....
അതിനു ഒരു കാരണം തൊട്ടപ്പുറത്തെ ക്ലാസ്സില്‍ പഠിക്കുന്ന
അമ്മാവന്‍റെ മകളായിരുന്നു...
അവനെ പറ്റിയുള്ള എല്ലാ കാര്യങ്ങളും അവള്‍
അധ്യാപികമാരോട് പറയും .......
അച്ഛനുമമ്മയും എപ്പോഴും ആശുപത്രിയില്‍
മൂത്ത സഹോദരങ്ങള്‍ വിദേശത്ത്.........
ആരുടേയും നിയന്ത്രണങ്ങള്‍ അവന്‍റെ
മുന്പിലുണ്ടായിരുന്നില്ല ....
വഴി തെറ്റി പോകാവുന്ന പ്രായം.....
അതു പോലെയൊക്കെ അവന്‍റെ സ്കൂള്‍ ജീവിതത്തിലും
സംഭവിച്ചു........
ക്ലാസ്സില്‍ വരുന്നത് അപൂര്‍വ്വം ........
പലപ്പോഴും സ്കൂള്‍ സ്റ്റോപ്പില്‍ ഇറങ്ങിയാലും
ക്ലാസ്സിലോട്ടു പോകാറില്ല തിരിച്ചു വീട്ടിലേക്കു തന്നെ പോകും .......
എങ്കിലും റിസള്‍ട്ട് വരുമ്പോള്‍ ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍
മാര്‍ക്ക് കിട്ടിയിരുന്നതും അവനായിരുന്നു ........
അതുകൊണ്ട് തന്നെ ചുരുങ്ങിയ ദിവസങ്ങള്‍ക്കിടയില്‍
ടീച്ചര്‍മാരുടെ ഇഷ്ടം പിടിച്ചുപറ്റാന്‍ അവനു കഴിഞ്ഞിരുന്നു....
ഒന്‍പതാം ക്ലാസ്സില്‍ പടിക്കുമ്പോഴായിരുന്നു
അവന്‍റെ ജീവിതത്തില്‍ മായാത്ത മുറിവുകള്‍
സമ്മാനിച്ചുകൊണ്ട് വിധി ക്രൂരത കാട്ടിയത്...
കോരിച്ചൊരിയുന്ന മഴക്കാലദിവസത്തിലൊന്നില്‍ അവന്‍റെ
മനസ്സിനെ തീരാദു:ഖത്തിലാഴ്ത്തി
എന്നെന്നേക്കുമായി അമ്മ വിട പറഞ്ഞു....
ഇനിയോരിക്കാലും കാണാന്‍ കഴിയാത്തത്രയും ദൂരെ
നക്ഷത്രങ്ങളുടെ ലോകത്തേക്ക് യാത്രയായ
അമ്മയെയുമോര്‍ത്തു കരഞ്ഞുകൊണ്ടിരിക്കുന്ന
അവനെ മടിയിലിരുത്തി ആശ്വസിപ്പിക്കുന്ന
ടീച്ചര്‍മാരുടെ മുഖം എല്ലാ മഴയിലും അവന്‍റെ
ഓര്‍മ്മയിലൂടെ കടന്നുപോകാറുണ്ട്....
ഇപ്പോഴും ഏകാന്തമായ രാത്രികളില്‍ ചിലപ്പോഴെല്ലാം
പൂമുഖത്തെ ജനലഴികളില്‍ പിടിച്ചു
വിദൂരതയിലെക്കും നോക്കിയങ്ങിനെ നില്‍ക്കുമ്പോള്‍ ….
അങ്ങകലെ കൂരിരുട്ടിനുമപ്പുറത്തു കണ്ണുകള്‍ക്ക്‌
കാണാന്‍ കഴിയാത്ത ഒത്തിരി സംഭവങ്ങള്‍
മനസ്സിലൂടെ കാണാന്‍ ശ്രമിക്കും….
പിന്നെ നൊമ്പരമുണര്‍ത്തുന്ന ഓര്‍മ്മകള്‍ മനസ്സും മിഴികളും
ഈറനണിയിക്കാന്‍ തുടങ്ങും മുന്‍പേ…..….
ചിലപ്പോഴെല്ലാം സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശം പോലെ…..
ജനലഴികള്‍ക്കിടയിലൂടെ ഇരച്ചു കയറുന്ന തണുത്ത കാറ്റ്
അവന്‍റെ മുടിയിഴകളെ തഴുകി കടന്നുപോകുമ്പോള്‍
അവന്‍ അറിയുന്നു അവന്‍റെ അമ്മയുടെ നനുത്ത സാമിപ്യം….….
ബാല്യത്തില്‍ മടിയില്‍ കിടത്തി മുടിയിഴകളെ നനുത്ത വിരല്‍
കൊണ്ട് അരുമയായി തഴുകിയുറക്കുന്ന ആ പഴയ ഓര്‍മ്മ മതി…….
അവനു പിന്നെ എല്ലാം മറന്നൊന്നുറങ്ങാന്‍ …….

Monday, January 19, 2009

മഴയെകുറിച്ച് ചില സംശയങ്ങള്‍ (2)..........


പ്രിയപ്പെട്ട കൂട്ടുകാരിയുടെ
ചോദ്യങ്ങള്‍ക്കുള്ള മറുപടി......
.................................
5.
അല്ലയോ മഴയേ നിന്നെ ഞാന്‍ വെറുത്തു തുടങ്ങിയിരിക്കുന്നു......
ഹും ,എന്ത് കൊണ്ടെന്നോ..?നിനക്കൊന്നും അറിയില്ലേ?
'നിള………..’
എത്ര മനോഹരിയായിരുന്നു അവള്‍......

നിറഞ്ഞൊഴുകുന്ന അവളുടെ സൌന്ദര്യത്തില്‍ അസൂയ പൂണ്ട നീ ,
അതി ഗൂഡമായി മെനഞ്ഞെടുത്ത തന്ത്ര ഫലമായല്ലേ .,
അവിളിന്നിങ്ങനെ മെലിഞ്ഞു പോയത്???
ഇന്നവള്‍ച്ക് ആരെയും മയക്കുന്ന സൌന്ദര്യമില്ല.........
അവളുടെ തീരത്തിരുന്നു പാടാന്‍ ഇന്ന് കാമുകന്മാരുമില്ല............
അവളുടെ അഭംഗിയില്‍ നീയിന്നു സന്തോഷവതി,അല്ലെ.......?

17.01.2009
...................................................................................................
അല്ലയോ കൂട്ടുകാരീ…….
മഴയെ ആര്‍ക്കും വെറുക്കാം……..
അതില്‍ അവള്‍ ആരോടും പരിഭവമോ
പരാതിയോ പറയാറില്ല…….
കാരണം
അവള്‍ മറ്റുള്ളവര്‍ക്ക് വേണ്ടി കരയുന്നവളല്ലേ…..!!!
ആരില്‍ നിന്നും അവള്‍ ഒന്നും പ്രതീക്ഷിക്കാറുമില്ല………
മനുഷ്യന്‍ സ്വാര്‍ത്ഥനാണെന്ന് നമ്മളേക്കാള്‍
എത്രയോ മുന്‍പ് അവള്‍ മനസ്സിലാക്കിയിരിക്കുന്നു…..!!!
എല്ലാവരും അവളെ കാത്തിരിക്കുന്നത് സ്വന്തം
ആവശ്യങ്ങള്‍ക്ക് മാത്രമാണ്…….
ഒരു ഉഷ്ണ കാറ്റേല്‍ക്കുമ്പോള്‍,
അല്ലെങ്കില്‍ കത്തുന്ന സൂര്യന്‍റെ കനലുകള്‍
ഭൂമിയെ പൊള്ളിക്കുമ്പോള്‍…..
ഒരു മഴതുള്ളിക്കുവേണ്ടി നമ്മള്‍
ദാഹിക്കാറുണ്ട്.........
പ്രതീക്ഷയോടെ വിണ്ണിലേക്ക് കണ്ണും

നട്ടിരിക്കാറുണ്ട് ......
അവസാനം കാത്തിരിപ്പിനൊടുവില്‍

വിണ്ണില്‍ നിന്നും പുതുമഴയായി
അവള്‍ പെയ്യുമ്പോള്‍ .....
ആശ്വാസത്തോടെ ജനങ്ങള്‍ നെടുവീര്‍പിടുന്നത്
എത്രയോ തവണ നമ്മള്‍ കണ്ടിരിക്കുന്നു........
എന്നിട്ടും അവളുടെ മനസ്സ് കാണാന്‍
ആരാണ് ശ്രമിച്ചിട്ടുള്ളത്……??
മനുഷ്യരെപ്പോഴും സ്വാര്‍ത്ഥരാണ്...…..
ഒരിക്കലും മറ്റുള്ളവരുടെ വേദനയോര്‍ത്തു
അവന്‍ വിലപിക്കാറില്ല…….
സ്വന്തം വേദനയിലും അവന്‍ മറ്റുള്ളവരെ
വിമര്‍ശിക്കാന്‍ സമയം കണ്ടെത്താറുണ്ട് ….
ഇവിടെ എന്‍റെ ഈ കൂട്ടുകാരിയും

അതില്‍ നിന്നും വ്യത്യസ്തയല്ലല്ലോ….!!!!!
മനോഹരിയായിരുന്നു " നിള...."
നിറഞ്ഞൊഴുകുന്ന നിളയുടെ തീരത്തിരുന്നാല്‍
ഏതു നൈമിഷിക വേദനയും അവളുടെ സൗന്ദര്യത്തില്‍
അലിഞ്ഞു പോകാറുണ്ടെന്നതും സത്യമാണ്……….
പണ്ട് നിറഞ്ഞൊഴുകുന്ന നിളയുടെ കരയില്‍
അവളെ തഴുകി വരുന്ന നനുത്ത കാറ്റില്‍
പരസ്പരം ഹൃദയങ്ങള്‍ കൈമാറുന്ന
പ്രണയികള്‍ ഇന്ന് നമുക്കന്യമാണ്……….
അവരുടെ ഹൃദയങ്ങളില്‍ നിന്നും
ഹൃദയങ്ങളിലെക്കൊഴുകുന്ന
പ്രണയസംഗീതവും നമുക്കിന്നോര്‍മ്മകള്‍ മാത്രം.......
ഒരുവേള അവളുടെ ഈ ദുരന്തമായിരിക്കാം
അതിനു ഒരു കാരണം……..
പക്ഷേ ചില യാഥാര്‍ത്യങ്ങള്‍ നമുക്ക്
കണ്ടില്ലെന്നു നടിക്കാന്‍ പറ്റുമോ……??
കാലം മാറുന്നതോടൊപ്പം മനുഷ്യനും
അവന്‍റെ സങ്കല്പങ്ങളും ചിന്തകളും മാറുന്നില്ലേ……..?
ഇന്നവന്‍ പ്രകൃതിയുടെ ശാലീനതയും,
നദിയുടെ സൗന്ദര്യവും ഇഷ്ടപെടുന്നുണ്ടോ……..??
ഇന്ന് നാം കാണുന്ന പ്രണയത്തിനു
പഴമയുടെ ഹൃദ്യതയുണ്ടോ……..???
ഹൃദ്യമായ പ്രണയം ഇന്ന് അപൂര്‍വ്വമല്ലേ…..??
എല്ലാറ്റിലും ഒരു ആധുനികവല്കരണം
അവന്‍ ഇഷ്ടപെടുന്നില്ലേ….??
മഴ….
അവള്‍ ഒരിക്കലും നിറഞ്ഞൊഴുകുന്ന
നിളയുടെ സൗന്ദര്യത്തില്‍ അസൂയ പൂണ്ടിട്ടില്ല……
കാരണം അവളുടെ പ്രിയപുത്രിയല്ലേ
നിറഞ്ഞൊഴുകുന്ന നിള………
അവളൊന്നു പെയ്യതിരുന്നാല്‍ പിന്നെ നിളയുണ്ടോ ……??
സ്വന്തം മകളുടെ സൗന്ദര്യത്തില്‍
ഏതെങ്കിലും മാതാവ് അസൂയപെടാറുണ്ടോ??
നിള ശോഷിച്ചു പോയതെങ്ങിനെയെന്നു….
എല്ലാവര്‍ക്കുമെന്നത് പോലെ നമുക്കുമറിയാം
അറിഞ്ഞിട്ടും അറിയില്ലെന്ന് നടിക്കുകയാണോ നീ…..??
മനുഷ്യന്‍റെ സ്വാര്‍ത്ഥതയാണ് നിളയുടെ
ഇന്നത്തെ ദുരന്തത്തിനു കാരണം….
പച്ചപുതച്ച പാടങ്ങള്‍ക്കും,കുന്നുകള്‍ക്കും
ചരമഗീതമെഴുതുന്നത് കാണുന്നില്ലേ നീ ??
ഇരുള്‍ നിറഞ്ഞ കാടുകളും,അമ്പലകാവുകളും,
നമുക്കന്യമല്ലേ ഇന്ന്…….???
അവയൊക്കെ വെട്ടി വെളുപ്പിച്ചു
സ്വാര്‍ത്ഥനായ മനുഷ്യന്‍ ഇവിടെ
കോണ്‍ക്രീറ്റ് കാടുകള്‍ പണിതുയര്‍ത്തുന്നത്
കാണുന്നില്ലേ നീ ……..?
ആ കോണ്‍ക്രീറ്റ് കാടുകള്‍
എങ്ങിനെയാണ് രൂപം കൊള്ളുന്നത്‌……..???
സ്വാര്‍ത്ഥനായ മനുഷ്യന്‍ നിളയുടെ
മാറുപിളര്‍ന്നു അവളുടെ മജ്ജയും മാംസവുമെല്ലാം
അവന്‍റെ സ്വപ്നസൗധങ്ങള്‍ക്കായി ഉപയോഗിക്കുന്നു.......
അപ്പോഴും അവള്‍ പെയ്തുകൊണ്ടേയിരിക്കുന്നത്………
പ്രിയപുത്രിയുടെ ഉള്ളം കുളിരണിയിക്കുവാനും..
ഉദരങ്ങളില്‍ തെളിനീര്‍ നിറക്കുവാനുമായല്ലേ…..??
പക്ഷേ…..
ദുര്‍ബ്ബലമായിക്കൊണ്ടിരിക്കുന്ന അവളുടെ
ഉദരത്തിനു അതൊക്കെ സൂക്ഷിച്ചു
വെക്കാനുള്ള ശേഷി എന്നേ മനുഷ്യന്‍
ചോര്‍ത്തിയെടുത്തു…!!!
അവള്‍ പെയ്യാതെയാണോ പമ്പയും, പെരിയാറും,
കനോലി കനാലുമെല്ലാം നിറഞ്ഞൊഴുകുന്നത്..... ???
അവളൊന്നു പെയ്യാന്‍ മടിച്ചുപോയാല്‍
ഞാനും ,നീയുമടങ്ങുന്ന ഈ ലോകം എന്നേ
കത്തിക്കരിഞ്ഞു പോയേനെ…..
എന്നിട്ടും പരാതിയും, പരിഭവങ്ങളും,

വെറുപ്പും, ദേഷ്യവുമെല്ലാം
അവളോട്‌ മാത്രമെന്തിന്............???


Friday, January 16, 2009

പ്രവാസി

ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ വീണുകിട്ടുന്ന
ഒഴിവുസമയങ്ങളില്‍ ചിലപ്പോഴെങ്കിലും
മനസ്സൊരു യാത്ര പോകും…….
ഓരോ പ്രവാസിയെയും കുറിച്ച് ചിന്തിക്കും.....
കാരണം ഞാനും അവരില്‍ ഒരാളാണല്ലോ.......
പിന്നെ ചിലരുടെ വിഷമങ്ങള്‍ നേരില്‍ കേട്ടിട്ടുമുണ്ട്.....
പക്ഷേ...
അതൊക്കെയോര്‍ത്തു സഹതപിക്കാനല്ലാതെ...
മറ്റൊന്നിനും നമുക്ക് കഴിയാറില്ല

എന്നതാണ് സത്യം..........
എങ്കിലും യഥാര്‍ത്ഥ പ്രവാസ ജീവിതം
എന്താണെന്ന് മനസ്സിലാക്കിയത്
ഇവിടെ എത്തിയതിനു ശേഷമാണ്.......
നാട്ടില്‍ ടാറുരുക്കുന്ന തൊഴിലാളികളെ
കാണുമ്പോള്‍ മനസ്സുരുകിയിരുന്ന എനിക്ക്
അതൊക്കെ എത്ര നിസ്സാരമാണെന്നു മനസ്സിലായത്‌
ഇവിടെ വന്നതിനു ശേഷമാണ്.......
വീണു കിട്ടുന്ന ഒഴിവു വേളകളില്‍ പേര്‍സില്‍
വെച്ചിരിക്കുന്ന പ്രിയതമയുടെ ഫോട്ടോയില്‍ നോക്കി
നെടുവീര്‍പ്പിടുന്നവരും,
അച്ചനെയുമമ്മയെയും ആദ്യമായി പിരിഞ്ഞതില്‍
മനംനൊന്തു വിങ്ങിപൊട്ടുന്നവരും
ഇവിടേ അപൂര്‍വ്വമല്ല.........
ഓരോ പ്രവാസിക്കും വീണു കിട്ടുന്ന
ഒഴിവു സമയങ്ങള്‍ വീടിനെ കുറിച്ചോര്‍ക്കാന്‍
മാത്രമുള്ളതാണ്.........
പിന്നെ സ്വതന്ത്രമായവാന്‍ പറക്കും.........
അങ്ങു ദൂരേക്ക്.....
കണ്ണെത്താത്തത്രയും ദൂരേക്ക്….
അവിടെ തന്‍റെ മാത്രം
ജീവനായ കൊച്ചു കുടുംബത്തിലോട്ട്…..
പിന്നെ വര്‍ണ്ണിച്ചാല്‍ തീരാത്ത സൗന്ദര്യമുള്ള
പുഴകളും, പൂക്കളും,പച്ചപുതച്ച പാടങ്ങളും,
അമ്പലക്കാവുകളും,കുളങ്ങളും,
മൃദു സംഗീതമൊഴുകുന്ന കൊച്ചരുവികളും….
എത്ര കണ്ടാലും മതിവരാത്ത വര്‍ഷമേഘങ്ങളും…..
പ്രകൃതിയുടെ പുണ്യതീര്‍ത്ഥമായി
വിണ്ണില്‍ നിന്നുതിരുന്ന അമൃതമഴയും…….
മഴയത്തുലയുന്ന വന്‍മരങ്ങളും ….
എല്ലാം ഓരോ പ്രവാസിയുടെയും കണ്മുന്നില്‍
തെളിയുന്ന സ്വകാര്യ ദുഖമാണ്…….
അല്ലെങ്കില്‍ അവന്‍റെ സ്വപ്നമാണ്…….
ചിലനിമിഷങ്ങളില്‍ ഇതെല്ലാമോര്‍ത്തു
മിഴികളില്‍ നിന്നും കവിളിണകളിലൂടെ
ഒഴുകിവരുന്ന കണ്ണീര്‍ ചാലുകള്‍
അവന്‍റെ ചുണ്ടുകള്‍ക്കിടയിലൂടെ ഊറി വരും.....
പിന്നെ നാവില്‍ നിന്നും മനസ്സിലേക്കൊഴുകുന്ന
ദുഖത്തിന്റെ കയ്പ്പ് രസം എത്രയോ തവണ
അവന്‍റെ രാത്രികളെ ഉറക്കമില്ലാതാക്കിയിരിക്കുന്നു.....
എന്‍റെ ഇത്രയും നാളത്തെ ചുരുങ്ങിയ

പ്രവാസ ജീവിതത്തില്‍ കണ്ട ചില കാഴ്ചകള്‍
ഒരിക്കലും മറക്കാന്‍ കഴിയില്ല.......
പണ്ട് നാട്ടില്‍ ഓരോ ഗള്‍ഫുകാരനും
നമ്മെ കടന്നു പോകുമ്പോള്‍ ഉണ്ടാകുന്ന സുഗന്ധത്തിനു
നമ്മളറിയാത്ത അല്ലെങ്കില്‍ അനുഭവിക്കാത്ത
ഒത്തിരി ആത്മാക്കളുടെ വിയര്‍പ്പുമണമുണ്ടെന്നു
ആരറിയുന്നു !!!!!
ഇവിടെ എത്ര വിയര്‍ത്തൊഴുകിയാലും
അവന്‍ വിലകൂടിയ സുഗന്ധദ്രവ്യങ്ങള്‍
ഉപയോഗിക്കാറില്ല
കാരണം.....
ചുറ്റിലും അവന്‍ കാണുന്നത്
അവന്‍റെ തന്നെ പ്രതിരൂപങ്ങളാണ്....
അവന്‍റെ വേദനയെ കുറിച്ചോര്‍ത്തു വിഷമിക്കുവാനും
വേദനിക്കുവാനും ആര്‍ക്കും കഴിയാറില്ല.....
കാരണം മറ്റുള്ളവരുടെ സ്ഥിതിയും അവന്‍റെതിനു
തുല്യമോ അതില്‍ കൂടുതലോ ആണ്.....
ഭൂരിഭാഗം പ്രവാസിയും സൂര്യന്‍റെ തീവ്രരശ്മികള്‍

നേരിട്ട് ശരീരത്തില്‍ ഏറ്റുവാങ്ങുന്നവരാണ്…..
പലരുടെയും പുറത്തു വരണ്ടുണങ്ങിയ
പാടങ്ങള്‍ പോലെ നേര്‍ത്ത വിള്ളലുകള്‍
കാണാന്‍ കഴിയും.....
കാഴ്ച മറക്കുന്ന പൊടിക്കാറ്റില്‍ വിയര്‍പ്പുണങ്ങാത്ത
ശരീരവുമായി അടച്ചിട്ട മുറികളില്‍
ശീതീകരണ യന്ത്രത്തിന്റെ സഹായത്തോടെ
അവന്‍ ശരീരം തണുപ്പിച്ചെടുക്കും……..
അപ്പോഴും ഉരുകുന്ന മനസ്സിനെ കുളിരണിയിക്കാനുള്ള
ഒരു യന്ത്രവും കണ്ടു പിടിച്ചിട്ടില്ലല്ലോയെന്നു
അവന്‍ ആത്മഗതം ചെയ്യും …
പിന്നെ.......
മെല്ലെ തളര്‍ച്ചയോടെ മിഴികള്‍ പൂട്ടുന്ന അവന്‍റെ
കണ്മുന്നില്‍ തെളിഞ്ഞുവരുന്നത്
അങ്ങകലെ തന്നെയും കാത്തു വഴികണ്ണുമായ്
കാത്തിരിക്കുന്ന കുടുംബാമ്ഗങ്ങളെയാണ്....
പിന്നെ പേകിനാവു പോലെ കൂടി വരുന്ന ബാദ്ധ്യതകളും……..
ഒരിക്കല്‍ പോലും സമാധാനത്തോടെ ഈ
മരുഭൂമിയിലും നാട്ടിലും അവനു
നില്‍ക്കാന്‍ കഴിയാറില്ല……..
ഇവിടെ നില്‍ക്കുമ്പോള്‍ അവന്‍റെ ജീവിത സ്വപ്നങ്ങളായ
കുടുംബത്തെ കുറിച്ചുള്ള വേവലാതികള്‍
അവന്‍റെ മോഹങ്ങളെ മുളയിലേ കരിച്ചു കളയുന്നു.....
അവരുടെ സാമിപ്യം കൊതിക്കാത്ത ഒരു രാത്രിപോലും
അവന്‍റെ ഈ പ്രവാസ ജീവിതത്തില്‍ ഉണ്ടായിരിക്കില്ല .......
കുളിര്‍മ്മ നിറഞ്ഞ കാലാവസ്ഥയും,
മനസ്സിനെ മോഹിപ്പിക്കുന്ന മഴക്കാലവും മാമ്പഴകാലവും
അവന്‍റെ സ്വപ്‌നങ്ങള്‍ മാത്രമാണിന്ന്........
അവന്‍റെ ഓണവും, ക്രിസ്തുമസ്സും, പെരുന്നാളുമെല്ലാം
ഒരൊറ്റ ഫോണ്‍ വിളിയാല്‍ ആഘോഷിക്കാനുള്ളതാണ്….
മറിച്ചു നാട്ടിലാണേല്‍…….
ദിവസവും ശൂന്യമായികൊണ്ടിരിക്കുന്ന
കീശയിലേക്ക്‌ നോക്കി നെടുവീര്‍പ്പിടുവാനെ
അവനു കഴിയാറുള്ളൂ …….
ഒരിക്കല്‍ പോലും ആരും അവന്‍റെ
വിഷമങ്ങളും വേദനകളും മനസ്സിലാക്കിയിട്ടില്ല …
അല്ലെങ്കില്‍ അവന്‍ ആരെയും അറിയിച്ചിട്ടില്ല .........
കാരണം അവന്‍റെ മേല്‍വിലാസം ഗള്‍ഫുകാരനെന്നാണ് ……..!!!
അങ്ങകലെ എണ്ണ പാഠത്തില്‍ പൊന്നുവിളയിക്കുന്നവന്‍!!!
നാട്ടില്‍ അംബരചുംബികളായ
ബഹുനില കെട്ടിടങ്ങള്‍ പണിയിക്കുന്നവന്‍.......!!!
ആരെയും ഒന്നുമറിയിക്കാതെ
പലിശക്കെടുത്ത പണത്തിനു ടിക്കെറ്റ് വാങ്ങി
അവന്‍ വീണ്ടും ഈ മരുഭൂമിയിലോട്ടു പറക്കും …..
സ്വന്തം ജീവിതവും സ്വപ്നങ്ങളും, ഹോമിച്ചു കൊണ്ട്
മറ്റുള്ളവര്‍ക്ക് വെളിച്ചമേകാന്‍……...

Thursday, January 1, 2009

മഴയെകുറിച്ച് ചില സംശയങ്ങള്‍ ..........

പ്രിയപ്പെട്ട കൂട്ടുകാരിയുടെ ചോദ്യങ്ങള്‍ക്കുള്ള .........
മറുപടി.......
1.
വേദനയാല്‍ പുളയുന്നൊരീ ഭൂമിതന്‍ ഉദരത്തിലേക്കവള്‍
നിറകുസൃതിയായി പെയ്തിറങ്ങിയാതെന്തിനാവാം?

29.12.2008
………………………………………………………………………………………
അവള്‍ അങ്ങിനെയാണ്……………
എന്നും വേദനിക്കുന്നവരുടെ മനസ്സില്‍ ഒരു നനുത്ത
തലോടലായി അവള്‍ പെയ്തിറങ്ങും………
എന്തിനെന്ന് ചോദിച്ചാല്‍ അതവള്‍ക്ക് മാത്രമേ അറിയൂ…..
കാരണം അവള്‍ അങ്ങിനെയാണ്…….
ആരോടും ഒന്നും പറയാറില്ല.....
കത്തുന്ന സൂര്യന്‍റെ അഗ്നിസ്പര്‍ശത്താല്‍
ഭൂമി വെന്തുരുകുമ്പോള്‍ ……
അവളിലെ നൊമ്പരം മിഴിനീരായി പൊഴിയുന്നത്
ഭൂമിയുടെ നീറ്റല്‍ മാറ്റാനാവണം………
നിരാശകള്‍ ചുട്ടുനീറുന്ന നിസ്സഹായരില്‍ ആശ്വാസത്തിന്‍റെ
കുളിര്‍പ്രവാഹമായി അവള്‍ ഉതിര്‍ന്നു വീഴുന്നത്
അവരുടെ നൊമ്പരങ്ങളില്‍
സാന്ത്വനത്തിന്‍റെ തേന്‍ പുരട്ടുവാനായിരിക്കണം….
ചിലപ്പൊഴെങ്കിലും മനസ്സൊരു ഭ്രാന്തനെപോലെ അലയുമ്പോള്‍...
നഷ്ടപെട്ടതോര്‍ത്തു മിഴികളില്‍ നിന്ന് ചുട്ടുപൊള്ളുന്ന
അശ്രുക്കള്‍ ധാരയായി ഒഴുകുമ്പോള്‍…….
അതിനെ സ്വന്തം മിഴിനീരാല്‍ ശീതീകരിചെടുക്കാനായിരിക്കണം
അവള്‍ തോരാതെ പെയ്യുന്നത്…..
കാരണം അവള്‍ അങ്ങിനെയാണ്‌……..
മറ്റുള്ളവരുടെ വേദനകള്‍ ഒരു നനുത്ത തലോടലാല്‍…….
ശമിപ്പിക്കാന്‍ അവള്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലല്ലോ………
സ്വയം കരഞ്ഞിട്ടാണെങ്കില്‍ പോലും !!!!!!!!
..................................................................... ........
2.
ഇടയിലേതോ മാസത്തില്‍ രാത്രി മുഴുവന്‍
വെള്ളിയാല്‍ തീര്‍ത്തൊരു ചാട്ടവാറിനാല്‍
ആരോ അവളെ പ്രഹരിക്കുന്നതു ഞാന്‍
ശ്രദ്ധിച്ചിരുന്നു ..........
അന്നും അവള്‍ നിര്‍ത്താതെ കരഞ്ഞു.........
ആരായിരിക്കാം .............???
എന്തിനായിരിക്കാം .............???
അവളെ ഈ വിധം ദ്രോഹിക്കുന്നത്...........???

30.12.2008
………………………………………………..
ആകാശത്തിലെ കോടാനുകോടി നക്ഷത്രങ്ങളും,
ഗ്രഹങ്ങളും അവളെ സ്വന്തമാക്കാന്‍ മോഹിച്ചിട്ടും..
നന്മയും സ്നേഹവും അളവില്ലാതെ നല്‍കുന്ന
ഭൂമിയോടലിഞ്ഞു ചേരാനായിരുന്നു അവള്‍ക്ക് മോഹം….
നക്ഷത്രങ്ങളുടെ സൌന്ദര്യത്തേക്കാള്‍ അവളെ മോഹിപ്പിച്ചത്
ഭൂമിയുടെ വിശുദ്ധിയാകാം ………..
ഗ്രഹങ്ങളുടെ പ്രലോഭനങ്ങളെക്കാള്‍ അവള്‍ ആഗ്രഹിച്ചത്
ഭൂമിയുടെ നന്മയുമായിരിക്കാം………
പക്ഷേ കലിപൂണ്ട നക്ഷത്രങ്ങള്‍ക്കും ഗ്രഹങ്ങള്‍ക്കും
അവരുടെ ആ നിര്‍മല സ്നേഹത്തെ അന്ഗീകരിക്കാനാവുമായിരുന്നില്ല….
അന്നുമുതല്‍ പിന്നെ എന്നവള്‍ ഭൂമിയുമായി കൂടുതലലിഞ്ഞു
ചേരുവാന്‍ മോഹിച്ചുവോ…….
അന്നുമുതല്‍ ക്രുദ്ധരായ നക്ഷത്രങ്ങളും ഗ്രഹങ്ങളും ചേര്‍ന്ന്
അഗ്നിയാല്‍ തീര്‍ത്ത ചട്ടവാറിനാലവളെ പ്രഹരിച്ചു തുടങ്ങി …….
ആ കണ്ണീരിലും അവള് ആനന്ദം കണ്ടെത്തിയത് നിറഞ്ഞൊഴുകുന്ന
കുളിര്‍വാഹിനികളാല്‍ ഭൂമിയെ പുളകമണിയിച്ചുകൊണ്ടായിരുന്നു........
അത്രമേലവള്‍ ഭൂമിയെ പ്രണയിക്കുന്നുണ്ടായിരിക്കാം………….
{മുമ്പ് ആരൊക്കെയോ എവിടെയൊക്കെയോ തങ്ങളുടെ സൃഷ്ടികളില്‍
അവളുടെ ഈ നിര്‍മല സ്നേഹത്തെ നിറം പിടിപ്പിച്ച
ഭാവനകളാല്‍ സമ്പന്നമാക്കിയിരിക്കാം ……
എങ്കിലും എനിക്ക് തോന്നുന്നതു ഇങ്ങിനെയാവാം}
…………………………………………………………
3.
ഇന്നലെ നീയെന്‍ കൂട്ടിനായ് വന്നപ്പോള്‍ മഴയേ-നിന്‍
പ്രണയത്തെകുറിച്ച് ഞാന്‍ രഹസ്യമായ് ആരാഞ്ഞതും,
മുഖവും ചുവപ്പിച്ചു നീ ഓടിമറഞ്ഞത്‌ നാണം കൊണ്ടോ.....?
അതോ.........?

02.01.2009
............................................................................
എനിക്ക്….
പലതിനോടും പ്രണയം തോന്നിയിട്ടുണ്ട്....
മഴയോടും,പ്രകൃതിയോടും,കവിതയോടും....
പിന്നെ....
പുഴകളോടും പൂക്കളോടും മഞ്ഞുതുള്ളികളോടുമൊക്കെ….
പക്ഷെ.......
അതൊക്കെ മനസ്സിന്‍റെ മണിചെപ്പിനുള്ളില്‍
ആരുമറിയാതെ ഒളിപ്പിച്ചു വെക്കാനായിരുന്നു ഏറ്റവുമിഷ്ടം………
തീവ്രാനുരാഗം രഹസ്യമായിരിക്കുവാനാണ് ആരും ഇഷ്ടപെടുക.....
അത് സ്വന്തമാകുന്നതുവരെയെങ്കിലും.........….
സുഹൃത്തുക്കളുടെ പ്രണയത്തെകുറിച്ച് അവര്‍ വാചാലമായി
സംസാരിക്കുമ്പോള്‍ ബൌദ്ധികമായ സൌന്ദര്യമായിരുന്നു
മുഖ്യവിഷയം ….
അവരുടെ അനുരാഗവും ബൗദ്ധികതയോടായിരുന്നു……….
ജീവനുള്ളതും,നയനാനന്ദകരമായതെന്തിനോടും അവര്‍ക്ക്
പ്രണയമായിരുന്നു…..
അപൂര്‍വ്വം ചിലര്‍ക്ക് മാത്രമാണ് അതിനുമപ്പുറത്തേക്ക്
നോക്കുവാനുള്ള കണ്ണുണ്ടായിരുന്നത്…..
അതിനിടയില്‍ ഞാന്‍ ആകെ കണ്ട നിഷ്കളങ്കമായ പ്രണയം
അവളുടേതായിരുന്നു….
ഇവിടെ അവര്‍ തമ്മിലുള്ള പ്രണയം അത്രമേല്‍
തീവ്രമായിരുന്നു ……..
അതുപോലെ രഹസ്യവും………..
നിനച്ചിരിക്കാത്ത നേരത്ത് പരസ്പരം സ്വപ്‌നങ്ങള്‍
പങ്കുവെക്കുമ്പോള്‍.......
ഒരിക്കലവള്‍ പറഞ്ഞ രഹസ്യമായിരുന്നു
അന്ന് ഞാന്‍ നിന്നോട് പറഞ്ഞത്………
പക്ഷെ നീയോ…….????
എന്നോടൊരു വാക്ക് പോലും മിണ്ടാതെ………!!!!!!
കൂട്ടുകാരിയുമായി കളി പറഞ്ഞിരിക്കാനെത്തിയതായിരുന്നില്ലേ
അവള്‍….???
എന്നിട്ടും ചാരത്തണയുന്നതിനു മുന്നേ……..
ഒരിക്കലും ആരുമറിയരുതെന്നു കരുതിയ
ആ രഹസ്യം അല്ലെങ്കില്‍ സത്യം
നിന്‍റെ നാവിന്‍തുമ്പില്‍ നിന്നൂര്‍ന്നു വീണപ്പോള്‍
ഒരുവേള അവളൊന്നമ്പരന്നിരിക്കണം…
ചിലപ്പോള്‍ ഞാനാ രഹസ്യം നീയുമായി
പങ്കുവച്ചതറിഞ്ഞു അവള്‍ വിഷമിച്ചിരിക്കില്ലേ…….
ആ വിഷമത്താലായിരിക്കണം അവളുടെ മുഖം ചുവന്നു പോയത്.....
അല്ലായിരുന്നുവെങ്കില്‍......
ഒന്നും പറയാതെ നിന്നില്‍ നിന്നും ഓടിമറയില്ലായിരുന്നു അവള്‍ …..
...........................................................................................
4.
എന്റ്റെ`ഹൃദയമാകുന്ന`കൂരിരുട്ടില്‍`,ഞാന്‍``പ്രകാശതിന്റ്റെ`ഒരു`വിത്ത്`നട്ടു.
നീ`ഇടക്കിടെ`പെയ്തു`,ആ`വിത്ത്`മുളപ്പിയ്ച്കുമെന്ന്`,
ഞാന്‍`സ്വപ്നം`കണ്ടു`.പക്ഷെ`നീ`പെയ്തില്ല.പിന്നീടോരിച്കലും`പെയ്തില്ല`.
വീണ്ടും`അന്ധകാരം`എന്റ്റെ`ഹൃദയം`നിറയെ`അന്ധകാരം……….

04.01.2009
.................................................................................................

മുന്‍പ് നിന്‍റെ ഹൃദയം വേദനയുടെ കൂരിരുട്ടിലായിരുന്നിരിക്കാം………
ഒരുപാട് ദുഖങ്ങള്‍ നിന്‍റെ കൂട്ടിനുമുണ്ടായിരുന്നിരിക്കാം….
അതിന്നിടയിലെപ്പോഴോ……
എല്ലാ മനുഷ്യരെയും പോലെ നീയും
പ്രതീക്ഷയുടെ നേര്‍ത്ത കിരണങ്ങള്‍ക്കുവേണ്ടി ദാഹിച്ചിട്ടുണ്ടാവാം.........
പിന്നെ ആ പ്രതീക്ഷകള്‍ സത്യമാവുന്നതും കാത്തു നീയിരുന്നു……..
മഴ കാത്തു കഴിയുന്ന വേഴാമ്പലിനെ പോലെ ………
മനസ്സിന്‍റെ വേഗത്തില്‍ ശരീരം ചലിക്കാറില്ലായെന്നതുപോലെ …
നെയ്തുകൂട്ടുന്ന സ്വപ്‌നങ്ങള്‍ നിമിഷ നേരങ്ങള്‍ കൊണ്ടു
യാഥാര്‍ത്യമാകാറില്ല എന്ന സത്യം നീ മറന്നു
അല്ലെങ്കില്‍ അവഗണിച്ചു…….…
അവിടെ നീയും നിന്‍റെ സ്വപ്നങളും മാത്രമായിരുന്നു
നിന്‍റെ ലോകം………..
ഇതിനേക്കാള്‍ നൂറു മടങ്ങ് വേദനിക്കുന്നവരെ
കാണാന്‍ നീ ശ്രമിച്ചില്ല……..
മറിച്ച് നിന്‍റെ കണ്ണില്‍………
നിന്നെക്കാള്‍ കുറവ് വേദനിക്കുന്നവരെയുണ്ടായിരുന്നുള്ളൂ …………..
അതാകട്ടെ നിന്നിലെ പ്രതീക്ഷകളില്‍ ദുഖത്തിന്‍റെ
അന്ധകാരം നിറച്ചുകൊണ്ടേയിരുന്നു.......
ശരീരത്തിലെ പല അവയവങ്ങളെന്ന പോലെ………
മനസ്സിലെ കാണപ്പെടാത്ത അവയവങ്ങളാണ് ……..
സുഖം,ദുഖം,വേദന,സന്തോഷം,വെറുപ്പ്‌,
കാരുണ്യം,രൗദ്രം, ഹാസ്യം, തുടങ്ങിയവ…
ഇതെല്ലാം ഒന്നിച്ചു ചേര്‍ന്നാല്‍ മാത്രമേ ജീവിതമാകൂ….
അതില്‍ തന്നെ വൈകല്യമുള്ളവരുമുണ്ടായിരിക്കാം ………
നിന്‍റെയീ ഹൃദയത്തില്‍
ഇപ്പോള്‍ കാണുന്നയീ കൂരിരുട്ട്…………….
അത് എന്നത്തെയുംപോലെ മനസ്സില്‍ നിറഞ്ഞു നിന്നിരുന്ന…..
ദുഖങ്ങളുടെതല്ലാ……..
മറിച്ച് എല്ലാ ദുഖങ്ങളുടെയും അന്ധകാരത്തെ
സ്വന്തം കണ്ണീരാല്‍ ഒപ്പിയെടുക്കാന്‍ തിടുക്കം കൂട്ടുന്ന
ഇരുണ്ട കാര്‍മേഘങ്ങളുടെ വലയമാണ് ……
പിന്നെ നീ നട്ടു വെച്ച പ്രകാശത്തിന്റെ വിത്തുകളില്‍
അവളുടെ കണ്ണീര്‍ത്തുള്ളികളേറ്റു….
അതില്‍ നിന്നും നീ കൊതിക്കുന്ന പ്രകാശത്തിന്റെ
മുളകള്‍ തളിര്‍ത്തു വരും…….
ഒരിക്കലും അവള്‍ നിന്‍റെ ഹൃദയത്തെ അന്ധകാരത്തിലേക്ക്
തള്ളി വിടുകയുമില്ല………..
എല്ലാം ഒരു കാത്തിരിപ്പാണ്……..
ചിലത് അപ്രതീക്ഷിതമായി നമ്മിലെക്കോടിയെത്തും…….
ചിലത് ആശിച്ചു കൊണ്ടേയിരിക്കും ….
ഒടുവില്‍ എല്ലാം അവസാനിച്ചുവന്നു തോന്നുമ്പോഴായിരിക്കാം
ക്ഷണിക്കപ്പെടാത്ത അതിഥിയെപോലെ കയറി വരിക…..
ഇതൊക്കെയാണ് ജീവിതം…………………
അല്ലാതെ……..
ഒരു ചെറിയ തമസ്സാല്‍ ഇരുളുന്നതാവരുത്
നമ്മുടെ ഹൃദയം......... ………
അവിടെ നൈമിഷികമായ ഇരുട്ടാല്‍
ഒന്നിനെയും മറയ്ക്കുവാനും കഴിയില്ല …….
ഒരു മിന്നാമിന്നിയുടെ ഇത്തിരി വെട്ടം പോലും നിന്നില്‍
ഒരു നിലാവിന്‍റെ കുളിര്‍മ്മയായി വരുന്നതുവരെ……..
കാത്തിരിക്കുക........
അവള്‍ വരും
നിന്നിലെ എല്ലാ ദുഖങ്ങളും കഴുകി കളയാന്‍.......

.........................................................................................

ഇനിയുമൊരുപാട് ചോദ്യങ്ങള്‍ ...........
എന്‍റെ കൂട്ടുകാരിയില്‍ നിന്നും ഞാനും
നിങ്ങളും പ്രതീക്ഷിക്കുന്നുണ്ട് ...........
അതിന്നായി കാത്തിരിക്കാം.........


Monday, August 11, 2008

What is “NOSTALGIA”?

we might have been getting a number of meanings
from the word nostalgia..
like homesickness, reminiscence,
recollection of missed things, gloomy thoughts etc …
But I couldn’t findout anywhere a positive meaning
like happiness, recollection of joyful things, hopefulness etc
Everybody is using the same word in each and
every situation with or without giving a meaning……..
Can anybody explain it clearly……..???
I swear nobody can clearly explain the feel of it
Or else,
What would be the feel of nostalgia…….?
How can be explained it………?
What would be the outcomes of nostalgia…?
Is it a happy feeling………….? Or
Is it a sorrowful feeling ………? Or
Is it a missed feeling………?
We never get any clear picture…
bcoz….nobody can explain it……..
As per my knowledge and faith, I can tell,
The feel of nostalgia would giving us all
the emotions like happiness, sadness, missing,
and hopefulness accordindg to the need of situation
let me try to give you an example……..
suppose I am the person having a lot of nostalgic thoughts…..
how could I say that I am having a lot of nostalgic thoughts..?
bcoz as I said earlier it’s a feeling which is generated by
our mind itself…
even so, there will be a feeling which we can’t be explained
by words but we can have it…
as per my experience….. I am getting all these emotions
from such thoughts and it may be varies according to the situation…..
I am at desert now………..
when I reached at here, I missed all the things………
like rain, family, friends, and natural beauties etc …
during those days I felt so missing …….
we can call it as nostalgic feelings…..
Afterthat
the days were going fastly through all emotional feelings…..
Oneday I phoned to my beloved friend…..
he was very happy to say me that there is heavy raining,
then I felt so sad about it,
bcoz if I were at there, even I can also have the rain…
outcomes of such missed feelings always
would be sorrowfulness….
so, we can call it as nostalgia…
now…….
i am counting the days to wing from here to my village…
i will be reached at my home after a very short time..
now…. I don’t have any missed feeling,
i don’t have any sad feeling…….
only a feeling which I am having now…
try to fly at the earliest……..
then only i can meet with my family
i can have the rain……….
i can use the time with my beloved friends..
everything I can have with in a short time..
so…it’s the time of hopefulness…………..
It can be also call as nostalgic thinking for hopefulness….
sometimes you might have been criticised me that
it’s my stupidity…doesn’t matter….
As a reader, you have a right to criticize each write-up
then only he can realised whether he is right or not…

let me conclude with a few words……..

nostalgia is a feeling which is giving to us some special kind of
emotional factors without any expectation and that feeling will be
generated by the mind according to the needs of the time and situation.

Note:


This is not a proved statement………all these things are coming from
myself only and those who are having same thoughts in your mind,
just put your comments Or else you can criticise me with evidence ……..