Sunday, September 20, 2009

സ്നേഹം........!!

അറിയാതെ മനസ്സില്‍ നിറയുന്ന
ആര്‍ദ്രമായ വികാരം...!!
ആര്‍ക്കും ആരോടും തോന്നാവുന്ന
അനിര്‍വ്വചനീയമായ അനുഭൂതി...!!
അകലങ്ങളില്‍ നിന്നും വിരുന്നെത്തി
അറിയാതെ മനസ്സിനെ ഉണര്‍ത്തും
അലിഞ്ഞു ചേരും ഹൃദയത്തില്‍
അമൃതമഴയായ് പൊഴിയും
അളവില്ലാതെ കൊടുക്കുമ്പോഴും
അതിരുകളില്ലാതെ മോഹിക്കും...!!
അതിനായ്‌ മാത്രം കേഴും...!!
അവസാനം മറവിയുടെ ഒരേട്‌,
അല്ലെങ്കില്‍ നോവിക്കുമൊരു വാക്ക്
ആ നിര്‍മലമായ പുസ്തകത്തില്‍
അശാന്തിയുടെ ചിത്രങ്ങള്‍ കോറിയിട്ട്
ആത്മാവില്‍ വേദന നിറച്ച്
അകന്നകന്നു പോകുന്നു...!!
അഴകാര്‍ന്ന അനുഭൂതി
അഴലാല്‍ നിറച്ച്
ആരോടും പറയാതെ....!!!

Monday, April 13, 2009

നീ എനിക്ക് ആരാണ്..........???

ഏകാന്തതയുടെ തടവുകാരനായ്
ലക്ഷ്യവും സ്വപ്നങ്ങളുമില്ലാതെ
തേങ്ങുന്ന ഓര്‍മ്മകളുമായ് ഞാനെന്‍
‍മുറിക്കുള്ളില്‍ അലയുകയായിരുന്നു....

കണ്ണീരില്‍ കുതിര്‍ന്ന നിനവുകള്‍
പുനര്‍ജ്ജനിയില്ലാത്ത കനവുകള്‍
എല്ലാം ഞാന്‍ ആത്മാവിലെരിയുന്ന
ചിതയിലര്‍പ്പിച്ചു നീറുകയായിരുന്നു....

തമസ്സിന്‍റെ നിഗൂഡതയിലേക്ക് ഞാന്‍
ദിക്കറിയാത്ത കുരുടനെ പോലെ
പദമിടറി നീങ്ങുമ്പോള്‍ നീ
നന്‍മയുടെ വെളിച്ചമായ് വന്നു....

നിന്നെ കുറിച്ച് നിനക്കേറെ
പറയുവാനുണ്ട്, എങ്കിലും
പ്രിയസഖീ, വേവുന്ന മനസ്സില്‍
നീ ഹിമകണമായ് നിറയുന്നു....

വിതുമ്പുന്നു എന്‍ മുന്നിലെപ്പോഴും
നീയൊരു പിഞ്ചു കുഞ്ഞിനെ പോല്‍
പറയുന്നു നീ നിത്യം ഞാനൊരു
ദൈവമാണ് നിനക്ക് മരണം വരെ...

അനാഥാലയത്തിലെ ദുരിതജീവിതം
നിന്നോര്‍മ്മയെ ചുട്ടുപൊള്ളിക്കുമ്പോള്‍
ഉതിര്‍ന്നു വീഴുമാ മിഴിനീര്‍തുള്ളികള്‍
നിശ്ചലമാമെന്‍ കാലുകളിലായിരുന്നു....

അറിയുന്നു ഞാനിപ്പോഴാ സത്യം
മൂളിയും നിരങ്ങിയും നീങ്ങുമീ
വീല്‍ചെയറിന് നീയൊരു ഇന്ധനമായ്
നിറയുമിനിയീ ജീവിതയാത്രയില്‍....

പറയാനറിയില്ലാ നീയാരാണെനിക്ക്
എങ്കിലുമറിയാം നീയാണെനിക്കെല്ലാം
എന്‍റെ ശ്വാസവും താളവും സ്വപ്നവും
ചലനവും വെളിച്ചവും നീ മാത്രം....

Wednesday, April 8, 2009

അമ്മ.....



മനസ്സും ശരീരവും കാണിക്ക വെച്ചു നീ
പേറുന്നു ഞങ്ങള്‍ തന്‍ ഭാരം
ഏകുന്നു ഞങ്ങള്‍ വേദന മാത്രം നിന്‍
ഉദരത്തിലൊരു പത്തു മാസം
നോവിലും നിന്‍ മുഖം പുഞ്ചിരി തൂകുന്നു
സര്‍വ്വം സഹിക്കുന്ന ഭൂമിയെ പോല്‍
നിര്‍മ്മലമാകുമീ ത്യാഗങ്ങളത്രയും നിന്‍
പിഞ്ചു പൈതലിന്‍ മുഖമൊന്നു കാണാന്‍
ഒടുവിലാ പിഞ്ചു പൈതലിന്‍ കരച്ചില്‍
നിന്‍ മനസ്സിന്‍റെയുള്ളില്‍ നിര്‍വൃതിയേകുന്നു.....
ചുരത്തിതുടങ്ങുന്നു നിന്‍ മാതൃഹൃദയം
തന്‍ പിഞ്ചു കുഞ്ഞിന്നമൃതമായി തീരാന്‍
ഉരുകുന്നു നിന്‍ കരളിന്‍റെയുള്ളം
നിര്‍ത്താതെ കുഞ്ഞൊന്നു കരഞ്ഞു പോയാല്‍
കൈ വളരുന്നുവോ, കാല്‍ വളരുന്നുവോ
നോക്കുന്നു നീയോരോ പുലരിയിലും.....
മാറോടു ചേര്‍ത്തു നീ താരാട്ട് പാടുന്നു
പിഞ്ചുവിരലില്‍ പിടിച്ചു നടത്തീടുന്നു
ഇരുള്‍മൂടും വഴിയില്‍ വെളിച്ചം പകരുവാന്‍
നിറയുന്നു നീ ഒരു നറുദീപമായെന്നും
പടവുകളോരോന്നു പതിയെ കടക്കുമ്പോള്‍
തുള്ളിതുടിക്കുന്നു നിന്‍ മാതൃഹൃദയം
പതറല്ലേ കുഞ്ഞിന്‍ ചുവടുകളൊന്നും
നിറയുന്നു നിത്യം നിന്‍ പ്രാര്‍ത്ഥനയില്‍
എത്ര വളര്‍ന്നാലും, എത്ര മതിചാലും
കണ്മുന്നില്‍ മക്കളൊരു പൈതല്‍ മാത്രം
നന്‍മയായ്‌ നിറയുന്നു ജീവിത യാത്രയില്‍
നീ വിട പറയും നിമിഷം വരെ...
പകരമായ് വെക്കുവാന്‍ കഴിയില്ല പാരില്‍
നിന്നില്‍ നിന്നൊഴുകും സ്നേഹപ്രവാഹമേ...

Thursday, March 26, 2009

പ്രണയം....


വിതുമ്പാന്‍ കൊതിക്കുന്ന മേഘങ്ങള്‍
മനസ്സില്‍ മഴയായ് പെയ്യുമ്പോള്‍
മഴവില്ലിന്‍ വര്‍ണ്ണ ചിറകുപോലെ
ഹൃദയങ്ങളില്‍ നിന്ന് ഹൃദയങ്ങളിലേ-
ക്കൊഴുകുന്ന കുളിരരുവിയാണ് നീ.....
പറയാന്‍ മറന്നതും, മടിച്ചതും
മന്ദഹാസമായ് വിരിഞ്ഞതും
എഴുതാന്‍ കൊതിച്ചതും, ശ്രമിച്ചതും
മിഴികളാല്‍ കൈമാറിയതും
നീയെന്ന നിര്‍വൃതിയെ പുണരാന്‍...
കാത്തിരിപ്പിനോടുവില്‍ നീയെന്നില്‍
സത്യമായ് നിറയുമ്പോള്‍
‍ഊഷരമാമെന്‍ ഹൃദയത്തില്‍
‍ഹിമകണമായ് പൊഴിയുന്നു നീ...
ഒരു പൂവായെന്‍ ഹൃദയമുണരുമ്പോള്‍
‍കാര്‍വണ്ടായ് നീ പറന്നെത്തും
എന്നിലൂറും മധുകണങ്ങള്‍
നീയെന്ന വണ്ടിനു മാധുര്യമേകും.....
പിന്നെ
നീര്‍വറ്റിയ എന്‍ മേനിയിലിരുന്നു
നീതേടുന്നു മറ്റൊരു പൂവിന്‍ ചന്തം
ഒടുവില്‍ ഒന്നും പറയാതെ നീ
പറന്നകലുമ്പോള്‍.......
എന്‍ ഹൃദയം മന്ത്രിക്കുന്നു
നീ അഗ്നിയാണ്.......
മനസ്സിനെ മോഹിപ്പിക്കുന്ന സൌന്ദര്യവും
ദഹിപ്പിക്കുന്ന ജ്വാലയും നീ തന്നെ.....

Thursday, March 12, 2009

നിന്നിലേക്കെത്തുവാന്‍........


നിശാശലഭങ്ങള്‍ പാറി നടക്കുമീ
നിശബ്ദമാം രാത്രിയില്‍...
നിലാമഴ പൊഴിക്കുന്ന ചന്ദ്രികയും
മിന്നിത്തിളങ്ങുന്ന താരങ്ങളും
കാര്‍മേഘ പുതപ്പിനുള്ളില്‍
‍നിദ്രയെ പുണരവേ...
തേടുന്നു ഞാനെന്‍ സ്വപ്നസഖിയെ
ഇരുള്‍ മൂടുമീ ജീവിതത്തില്‍...
അകലുന്നതെന്തേ പ്രിയസഖീ നീ
അറിയുക തെല്ലെങ്കിലുമെന്‍റെ മോഹങ്ങള്‍
നീയെന്നില്‍ കുളിര്‍മഴയായ്‌
പെയ്തിറങ്ങുന്നതും കാത്തു ഞാന്‍
‍അലയുന്നീ മരുഭൂമിതന്‍ വീഥിയില്‍
‍അലസമേഘമായ്‌ വീണ്ടും...
മഞ്ഞു പൊഴിയുമീ പുലരിയിലും
ചുടുകാറ്റു വീശുമീ നിശയിലും
നിന്‍ തണുത്ത വിരലിന്‍ സ്പര്‍ശത്തിനായ്
നില്‍ക്കുന്നു ഞാനൊരഭയാര്‍ത്ഥിയെ പോല്‍
‍അരുതെന്നു നിന്‍ കൈ വിലക്കുമ്പോഴും
അറിയുകയെന്‍ നിര്‍മല പ്രണയത്തെ നീ...
വിലപ്പെട്ടതെല്ലാം കവര്‍ന്നെങ്ങോ പോയി നീ
വിലയേതുമില്ലാത്ത എന്നെ തനിച്ചാക്കി...
കാണുന്നില്ലയോ ആ അനന്തതയില്‍ നീ
പുഞ്ചിരി തൂകുന്ന രണ്ടു പൊന്‍താരങ്ങള്‍...
മാടി വിളിക്കുന്നു എന്നെ പുണരുവാന്‍
‍നിറയൂ നീയെന്നില്‍ നിര്‍വൃതിയായ്‌...
അലിയട്ടെ നിന്നില്‍ അവസാനമില്ലാതെ
നശ്വരമായൊരീ ദേഹം വെടിഞ്ഞു ഞാന്‍...
കനിവിന്‍റെ നീരുറവ വറ്റാത്ത ഗംഗേ
കവരുക നീയീ അവസാന ശ്വാസവും...

Tuesday, February 17, 2009

മിഴിനീരിലലിഞ്ഞ സ്വപ്‌നങ്ങള്‍


പുറത്തു മഴ പെയ്തുകൊണ്ടേയിരിക്കുന്നു.
രാത്രിമഴയുടെ ശുദ്ധസംഗീതവും കേട്ട് പൂമുഖത്തെ
ജനലഴികളില്‍ പിടിച്ചു കൊണ്ട് കൂരിരുട്ടിലേക്ക്
നോക്കിയവന്‍ നിന്നു.
മുന്‍പ് രാത്രിമഴ അവന്‍റെ സ്വപ്നങ്ങളില്‍
മഴവില്ലിന്‍റെ മനോഹാരിത നല്‍കിയിരുന്നു.
അവന്‍റെ മനസ്സില്‍ പ്രതീക്ഷയുടെയും,
സന്തോഷത്തിന്‍റെയും കുളിര്‍മ്മ നിറച്ചുകൊണ്ടാണവള്‍
ഓരോ രാത്രിയിലും പെയ്തൊഴിഞ്ഞിരുന്നത്.
ഇന്ന് ഓരോ രാത്രിമഴയും അവന്‍റെ ഓര്‍മ്മകളെ
ചുട്ടുപോള്ളിച്ചുകൊണ്ടാണ് കടന്നു പോകുന്നത്.
പെയ്തൊഴിഞ്ഞ ഒരു മഴകാലത്തിന്‍റെ
നഷ്ടസുഗന്ധവും പേറികൊണ്ട്, പ്രണയാര്‍ദ്രമായ
നല്ല നാളുകളുടെ ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍
മായാതെ നില്‍ക്കുന്നതും അതുകൊണ്ട് തന്നെയാവാം.

ഓര്‍മ്മകള്‍ വീണ്ടും മാറാലകളെ പോലെ
മനസ്സില്‍ പടരുകയാണ്! ഒരിക്കല്‍ തന്‍റെ
പ്രണയിനിയോടവന്‍ പറഞ്ഞു. കളങ്കമില്ലാത്ത
പ്രണയത്തിന്‍റെ നിറം നീലയായിരിക്കും….!!
അവള്‍ ചോദ്യഭാവത്തില്‍ അവനെ നോക്കി.
“തിരയടിക്കുന്ന മഹാസമുദ്രത്തിന്‍റെ നിറവും,
സീമയില്ലാത്ത ആകാശത്തിന്‍റെ നിറവും നീലയാണ്!!!
എന്‍റെയും നിന്‍റെയും ഇഷ്ടനിറവും നീലയാണ്.
അവസാനമില്ലാതെന്തിനും നിറം നീലയല്ലേ.....??
അപ്പോള്‍ പിന്നെ പ്രണയത്തിന്‍റെ നിറവും നീലയാവില്ലേ??”
മനസ്സില്‍ എപ്പോഴും കുളിര്‍മ്മ നിറയ്ക്കുന്ന നനുത്ത
ചോദ്യങ്ങള്‍ അവള്‍ക്കിഷ്ടമായിരുന്നു. ആ ഇഷ്ടമായിരുന്നു
എന്‍റെ സ്വപ്നവും പ്രതീക്ഷയും.
ആരുമില്ലാത്ത നേരത്ത് അവളുടെ ചെവി എന്‍റെ ചുണ്ടോടു
ചേര്‍ത്തു ഞാന്‍ ചോദിക്കും. എന്‍റെ മനസ്സിന്‍റെ
ഊഷരഭൂമിയില്‍ നിന്‍റെ പ്രണയത്തിന്‍ മഴതുള്ളികളേറ്റ്
എന്നിലെ സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയുടെ ചിറകു
മുളച്ചതെന്നായിരുന്നു…..?
പിന്നെ ഇലകൊഴിയും ശിശിരങ്ങളില്‍ പോലും നമ്മുടെ
പ്രണയത്തില്‍ വസന്തത്തിന്‍റെ മനോഹാരിതയും സുഗന്ധവും
മായാതെ നില്‍ക്കുന്നതെന്തിനായിരുന്നു……?
ഇപ്പോള്‍ ഈ ചുട്ടുപൊള്ളുന്ന മീനമാസത്തിലും നമ്മുടെ
മനസ്സുകള്‍ തുലാവര്‍ഷത്തില്‍ നനഞ്ഞു കുതിര്‍ന്ന
ഭൂമിയെപോലെ തണുത്തുറയുന്നതെന്തിനായിരിക്കും?
ഒന്നും പറയാതെ കണ്ണുകളില്‍ നോക്കിയിരിക്കുന്ന
അവളുടെ അധരങ്ങളില്‍ വിരിയുന്ന നനുത്ത
പുഞ്ചിരിയില്‍ കാര്‍മേഘങ്ങളില്ലാത്ത ആകാശത്തില്‍
മിന്നിതിളങ്ങുന്ന നക്ഷത്രങ്ങളായിരുന്നു ഞാന്‍ കണ്ടത്.
നിഷ്കളങ്കമായ ഹൃദയത്തില്‍ നിന്നും ഉറവയെടുക്കുന്ന
ആ നനുത്ത പുഞ്ചിരിയെയാണല്ലോ ഞാന്‍ ആദ്യം
പ്രണയിച്ചതും.
അവള്‍ അങ്ങിനെയായിരുന്നു ഒന്നും തുറന്നു പറയാറില്ല.
മനസ്സില്‍നിന്നുതിരുന്ന പ്രണയഭാവങ്ങള്‍ മൌനത്തിന്‍റെ
ചെറുപുഞ്ചിരിയിലൊതുക്കി നില്‍ക്കും.
അവള്‍ രാത്രിമഴയുടെ മധുരസംഗീതം പോലെയായിരുന്നു.
മൃദുവായി പൊഴിഞ്ഞു കൊണ്ടേയിരിക്കും
കാതിനും മനസ്സിനും കുളിര്‍മ്മ നിറച്ചുകൊണ്ട്!
എന്നാല്‍ ഞാന്‍ തുലാവര്‍ഷത്തിലെ പേമാരിയായിരുന്നു.
എല്ലാ ഭാവങ്ങളും അതെ തീവ്രതയില്‍ പകരാനാണ്
ഞാന്‍ കൊതിച്ചിരുന്നത്‌.
നനുത്ത കൈവിരലാല്‍ നീയെന്‍റെ മുടിയിഴകളെ
മാടിയൊതുക്കുമ്പോള്‍ നിന്‍റെ സ്നേഹം മുഴുവന്‍
മുടിയിഴകളിലൂടെ എന്‍റെ ഹൃദയത്തെ തൊട്ടുണര്‍ത്തുന്നതും,
അസ്തമയസൂര്യന്‍ നീലിമയാര്‍ന്ന സാഗരത്തില്‍ അലിഞ്ഞു
ചേരുമ്പോള്‍ നിന്‍റെ കണ്ണില്‍ തെളിയുന്ന വ്യാകുലത
എന്‍റെ ഹൃദയത്തില്‍ തീയായി പടരുന്നതും,
എല്ലാം ഇന്നലെയെന്നതു പോലെ മനസ്സില്‍ തെളിയുന്നു.
എന്നിട്ടും ഒരു വാക്കു പോലും പറയാതെ എല്ലാം
ഉള്ളിലൊതുക്കി നീ വിട പറയുമായിരുന്നു.
നിന്‍റെ മിഴികളിലപ്പോഴും വിരഹത്തിന്‍റെ നേര്‍ത്ത
അശ്രുകണങ്ങള്‍ തുളുമ്പാന്‍ കൊതിക്കുന്നത് ഞാനറിഞ്ഞിട്ടും,
അറിയില്ലെന്ന് നടിച്ചതും നിനക്കറിയാമായിരുന്നു!!!
എത്രയോ തവണ ആ മിഴികളില്‍ വിരിയുന്ന ഭാവങ്ങള്‍
നിന്‍റെ നാവിന്‍തുമ്പില്‍ നിന്നും കേള്‍ക്കാന്‍
ഞാന്‍ കൊതിച്ചിരുന്നു. എന്നിട്ടും ഒന്നും പറയാതെ എല്ലാം
ഉള്ളിലൊതുക്കി നീ നടന്നു.
ഒടുവിലൊരു‍ നാള്‍ വിടപറയാന്‍ നേരം
എന്‍റെ കൈ പിടിച്ചു നെഞ്ചോടമര്‍ത്തികൊണ്ട്,
മാഞ്ഞു പോകുന്ന അസ്തമയസൂര്യനെ സാക്ഷിയാക്കി
നീ പറഞ്ഞു.
"നീയെന്‍റെ സ്വപ്നമാണ്,
നീയില്ലെങ്കില്‍ പിന്നെ ഈ ഞാനില്ല,
നിന്നെ പിരിയുകയെന്നാല്‍ അതെന്‍റെ മൃതിയാണ്‌”
ഒറ്റശ്വാസത്തിലായിരുന്നു നീയത് പറഞ്ഞു തീര്‍ത്തത്.
ഒളിച്ചു വെച്ച സ്നേഹത്തിന്‍റെ എല്ലാ ഭാവങ്ങളും
അവളില്‍ നിന്നുതിര്‍ന്ന വാക്കുകളിലുണ്ടായിരുന്നു.
ആദ്യമായി അവളിലെ പ്രണയത്തിന്‍റെ തീവ്രത
ഞാന്‍ അനുഭവിച്ചതും അന്നായിരുന്നു. അത്രയും നാള്‍
പ്രണയാര്‍ദ്രമായ ഒരു വാക്ക് അവളുടെ നാവിന്‍തുമ്പില്‍
നിന്നും കേള്‍ക്കാന്‍ ഞാന്‍ എത്രയോ കൊതിച്ചിരുന്നു.
മെല്ലെ അവളുടെ മിഴിയില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന
കണ്ണീര്‍തുള്ളികള്‍ കൈവിരലാല്‍ തുടച്ചുകൊണ്ട്
ഞാന്‍ പറഞ്ഞു.
“നമുക്കിടയില്‍ നീയും ഞാനുമില്ലല്ലോ,
നമ്മള്‍ മാത്രമല്ലേയുള്ളൂ. നിന്‍റെ മൃതിയും
ന്‍റെ മൃതിയും അങ്ങിനെയൊന്നുണ്ടോ??
അതും നമ്മുടെ മൃതിയല്ലേ………??
മരണത്തില്‍ പോലും നമ്മളൊന്നായിരിക്കും.”
എന്‍റെ വാക്കുകള്‍ അവളുടെ ഹൃദയത്തില്‍ ഒരു
വേനല്‍മഴയുടെ കുളിര്‍മ്മയുമായി പെയ്തിറങ്ങിയതും,
അവളുടെ മിഴികള്‍ രണ്ടു മിന്നാമിന്നികളെ പോലെ
തിളങ്ങുന്നതും ഇന്നും ഓര്‍മ്മയില്‍ മായാതെ നില്‍ക്കുന്നു.
പിന്നീടുള്ള ഓരോ ദിവസവും കൊഴിഞ്ഞുപോയത്
എത്ര പെട്ടെന്നായിരുന്നു. ഞാന്‍ ഒരിടത്തു പോകുന്നതും
നിനക്കിഷ്ടമില്ലായിരുന്നു. എന്നും നീയായിരുന്നു
ആ അമ്പലമുറ്റത്ത്‌ ആദ്യമെത്തിയിരുന്നതും.
പലപ്പോഴും ഞാനും എന്‍റെ മറ്റുകാര്യങ്ങള്‍ മറന്നിരുന്നതും
ആ സന്ധ്യകള്‍ക്ക് വേണ്ടിയായിരുന്നു.
വൈകുന്നേരങ്ങള്‍ക്ക്‌ നീളം കുറഞ്ഞു വരികയാണെന്ന്
പലപ്പോഴും നീ പരിഭവം പറയുമായിരുന്നു.
നിന്‍റെ മിഴികളില്‍ വേദനയുടെ നിഴലാട്ടം കാണുമ്പോള്‍
എന്‍റെ ഹൃദയം പിടയുന്നത് നീയറിഞ്ഞിരുന്നുവോ?
ദിവസങ്ങള്‍ കടിഞ്ഞാണില്ലാത്ത കുതിരയെപോലെ
പായുന്നതിനിടയിലൊരുനാള്‍.......
എന്നത്തേയും പോലെ നീ ആ അമ്പലമുറ്റത്ത്‌
എന്നെയും കാത്തു നിന്നിരുന്നു. അന്നു ഞാന്‍
ഒത്തിരി വൈകിയെത്തിയിട്ടും നിന്‍റെ മിഴികളില്‍
എന്നോട് തെല്ലും പരിഭവമുണ്ടായിരുന്നില്ല.
മറിച്ച് മറ്റെന്തോ ഓര്‍ത്തു നീ സങ്കടപെടുന്നത് ഞാനറിഞ്ഞു.
എപ്പോഴും കണ്ണില്‍ കണ്ണില്‍ നോക്കി സംസാരിച്ചിരുന്ന നീ
അന്നുമാത്രം വിദൂരതയിലേക്ക് നോക്കിയിരുന്നു.
ഒന്നും മിണ്ടാതെ!!
ശിരസ്സുയര്‍ത്താനാവാതെ നിന്ന നിന്‍റെ മുഖം
എന്‍റെ കൈകളിലൊതുക്കി ഞാന്‍ ചോദിച്ചു
“എന്തിനാണ് ഇത്രയും സങ്കടപെടുന്നത്?”
എന്നെ തളര്‍ത്തുന്ന നിന്‍റെ മിഴികളില്‍ അപ്പോഴും
വേദനയുടെ കുഞ്ഞോളങ്ങള്‍ അലയടിക്കുന്നുണ്ടായിരുന്നു.
പതിഞ്ഞ ശബ്ദത്തില്‍ നീയെന്നോട്‌ പറഞ്ഞു.
ആ യാത്രയെക്കുറിച്ച്..........
എത്രയും പെട്ടെന്ന് ഞാന്‍ മടങ്ങിവരും.
കാരണം എന്‍റെ ഹൃദയം അതു ഞാനീ നടയില്‍
വെച്ചിട്ടാണ് പോകുന്നത്. പിന്നെയും എന്തൊക്കെയോ
നീ പറഞ്ഞിരുന്നു. ഒരുപക്ഷെ ഉള്ളില്‍ നിറയുന്ന നൊമ്പരം
ഞാനെന്‍റെ പുഞ്ചിരിയാല്‍ മറക്കാന്‍ ശ്രമിച്ചത്
കൊണ്ടായിരിക്കാം, മറ്റൊന്നും കേള്‍ക്കാതെ പോയത്.
കാരണം എന്‍റെ വിഷമത്തെക്കാള്‍ എന്നെ വേദനിപ്പിക്കുന്നത്
നിന്‍റെ വിഷമമായിരുന്നല്ലോ!!!
അന്നു നീ യാത്ര പറഞ്ഞു പോയതാണ്.
ഉടനെ മടങ്ങിവേരുമെന്നും പറഞ്ഞുകൊണ്ട്...!!
അതിനു ശേഷം നീ എന്നെയും
ഞാന്‍ നിന്നെയും കണ്ടിട്ടില്ലല്ലോ.
ഇന്നെന്‍റെ ഹൃദയം നിന്നെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു.
മറവിയെന്ന അനുഗ്രഹം പോലും എന്നെ
വിട്ടുപിരിഞ്ഞിരിക്കുന്നു.
വിരഹമുണര്‍ത്തുന്ന ഇന്നലെകളിലൂടെ ഞാനിന്നും
അലയുകയാണ്.
അറിയുന്നു ഞാന്‍.....
ഇന്നു നിനക്കും എനിക്കുമിടയില്‍
അനന്തമായ അകലമാണെന്ന്!
ഇന്ന് നിന്നെ കുറിച്ചോര്‍ത്തു മിഴികള്‍ നിറക്കുവാന്‍ പോലും
എന്‍റെ കണ്ണുകള്‍ക്കു കഴിയുന്നില്ലല്ലോ…
എന്‍റെ സ്നേഹം……..!!
അതെല്ലാം ഉപേക്ഷിച്ചു നീ പോയതെങ്ങോട്ടായിരുന്നു?
ഒരു യാത്ര പോലും പറയാതെ നക്ഷത്രങ്ങളുടെ
ലോകത്തിലേക്ക്‌ യാത്രയായ നിന്നെയുമോര്‍ത്ത്
ഞാനിവിടെ തനിയെ ഇരിക്കുന്നു.
ഋതുഭേതങ്ങറിളയാതെ…
ഓര്‍മ്മകളിലെപ്പോഴും നീ പറഞ്ഞ വാക്കുകളാണ്
പ്രതിധ്വനിക്കുന്നത്.....
“നിന്നെ കണ്ടില്ലായിരുന്നെന്കില്‍..... നിന്‍റെ ഇഷ്ടം
എന്‍റെ ഹൃദയത്തെ തൊട്ടുണര്‍ത്തിയില്ലായിരുന്നുവെങ്കില്‍.....
അനന്തകോടി നക്ഷത്രങ്ങള്‍ക്കിടയിലെ ഒരു കൊച്ചു
നക്ഷത്രമാവാനായിരുന്നു എന്‍റെ മോഹം"
നിന്‍റെ മോഹങ്ങള്‍ അതു തെല്ലെങ്കിലും പൂവണിഞ്ഞു.
അതെന്‍റെ മോഹങ്ങള്‍ക്ക് മീതെ
ചിതയൊരുക്കിയിട്ടാണെങ്കില്‍ പോലും..........!!
ഇപ്പോള്‍ ഞാനീ ഇരുട്ടില്‍ അലയുന്നത് അങ്ങകലെയിരുന്നു
നീ കാണുന്നുണ്ടാവും.
അനേകകോടി നക്ഷത്രങ്ങളിലൊരുവളായി
കാറില്ലാത്ത ആകാശത്ത് നക്ഷത്രമായ് നീ ചിരിക്കുമ്പോള്‍
നീ അറിയുന്നില്ലല്ലോ ചിതല്‍ പാതി തിന്നോരീ
ആത്മാവും പേറി ഞാനിവിടെ തനിച്ചാണെന്ന്..!!

Friday, February 13, 2009

പ്രണയദിനാശംസകള്‍...


പ്രണയം സുഖമുള്ള ഒരു അനുഭവമാണ്……
ക്ഷണിക്കപ്പെടാത്ത അതിഥിയെപോലെ എപ്പോള്‍
വേണമെങ്കിലും മനുഷ്യ മനസ്സുകളിലേക്ക്
ഒരു കുളിര്‍മഴ പോലെ അവള്‍ പെയ്തിറങ്ങാം…..
അവളുടെ ലോകത്തില്‍ രാത്രിയെന്നോ പകലെന്നോ ഉള്ള വ്യത്യാസമില്ല,…..
പരിധികള്‍ക്കോ പരിമിതികള്‍ക്കോ അവളുടെ മുന്നില്‍ തടസ്സങ്ങള്‍
സൃഷ്ടിക്കാനും കഴിയുകയുമില്ല…….
ഏതു തടസ്സങ്ങളും അവളുടെ മുന്നില്‍ നിസ്സാരങ്ങളുമാണ്...
കളങ്കമില്ലാത്ത പ്രണയത്തിനു മഴതുള്ളികളെക്കാള്‍
സുതാര്യതയുണ്ടായിരിക്കും………..
അവിടെ പരസ്പരം സ്നേഹിക്കുക എന്ന ഒരൊറ്റ വികാരമേ
പ്രണയിതാക്കളുടെ മനസ്സില്‍ തുളുമ്പി നില്‍ക്കാറുള്ളൂ…..
ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ആരുമുണ്ടാവില്ല……!!
അത് പോലെ കൊതി തീരെ പ്രണയിച്ചവരും.....!!
അതുകൊണ്ടു തന്നെയാവാം പ്രണയം എന്നും മനുഷ്യ മനസ്സുകളില്‍
തേന്‍മഴയായി പെയ്തിറങ്ങുന്നതും.....!!
അതുപോലെ ഒരിക്കലെങ്കിലും പ്രണയിക്കാനും
പ്രണയിക്കപ്പെടാനും കൊതിക്കാത്തവരുമുണ്ടാവില്ല .......!!
മനസ്സിന്‍റെ അടിത്തട്ടില്‍ പ്രണയമെന്ന വികാരം ഒളിപ്പിച്ചു
നടക്കുന്ന എത്രയോ സുഹൃത്തുക്കള്‍ നമ്മുക്കിടയിലുണ്ട്…..
ആണെന്നോ പെണ്ണെന്നോ ഉള്ള വ്യത്യാസമില്ലാതെ.....!!!
എന്നിട്ടും പറയാനുള്ളത് പറയാന്‍ കഴിയാതെ
മനസ്സിനുള്ളില്‍ സ്വയമെരിഞ്ഞു പോയ എത്രയോ പ്രണയങ്ങള്‍
കണ്മുന്നില്‍ കണ്ടിരിക്കുന്നു.....!!
മനുഷ്യനെ മറ്റുള്ള ജീവികളില്‍ നിന്നും വേര്‍തിരിക്കുന്നതും
ഇങ്ങിനെയുള്ള ചില കഴിവുകളുള്ളതു കൊണ്ടാണല്ലോ…
പ്രണയിക്കാനും,സ്നേഹിക്കാനും, കാര്യങ്ങളെ
സൂക്ഷ്മതയോടെ വിവേചിച്ചറിയാനും,
ആശയസംവേദനം നടത്തുവാനുമൊക്കെയുള്ള കഴിവുകളാണ്
അവനെ മറ്റുള്ള ജീവികളില്‍ നിന്നും വേര്‍തിരിക്കുന്നത്……
അതിനാല്‍ പ്രണയത്തിന്‍റെ മാധുര്യം
നുകര്‍ന്നവര്‍ക്കും,നുകരാന്‍ കൊതിക്കുന്നവര്‍ക്കും,
കൈപ്പുനീര്‍ കുടിച്ചവര്‍ക്കും.......
ഇനി കുടിക്കാനിരിക്കുന്നവര്‍ക്കും
ഒരു ഓര്‍മ്മപുതുക്കലാവട്ടെ ഓരോ പ്രണയദിനവും….
ഒരിക്കലും പ്രണയിക്കപെടാതിരിക്കുന്നതിനേക്കാള്‍
എത്രയോ നല്ലതാണ്
ഒരിക്കലെങ്കിലും പ്രണയിച്ചു അതു നഷ്ടപെടുന്നത്….!!
സുഖമുള്ള ഒരു വേദനയായി എന്നും അതു
നമ്മുടെ മനസ്സിനെ നീറ്റിക്കൊണ്ടിരിക്കുമല്ലോ.........
നമ്മളെല്ലാം ഒരു പിടി മണ്ണായി തീരുന്നതുവരെയെങ്കിലും....!!
എല്ലാ കൂട്ടുകാര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ പ്രണയദിനാശംസകള്‍...